ചാലക്കുടി: ദേശീയപാതയിലെ പുഴമ്പാലത്തിന്റെ അടിത്തറക്ക് വിള്ളൽ. പഴയപാലത്തിൽ വടക്കുനിന്നുള്ള മൂന്നാമത്തെ തൂണിന്റെ അടിത്തട്ടിലാണ് വിള്ളൽ കണ്ടത്. വെള്ളത്തിന്റെ മുകളിൽ നാലടി നീളത്തിൽ ഇത് പ്രകടമാണെങ്കിലും അടിയിലെ അവസ്ഥയെക്കുറിച്ച് വ്യക്തതയില്ല. തൽക്കാലം ഗുരുതരമല്ലെങ്കിലും ഭാവിയിൽ ഇങ്ങനെ തുടരുമെന്ന് കരുതാനാവില്ല.

2018ലെ പ്രളയത്തിലാണ് വിള്ളലുണ്ടായതെങ്കിൽ പ്രശ്‌നം അതീവ ഗൗരവമേറിയതാണ്. തുടർന്നും ഉണ്ടാകാൻ സാധ്യതയുള്ള വെള്ളപ്പൊക്കങ്ങൾ പാലത്തിന്റെ തൂണിന് ബലക്ഷയമായിരിക്കും സമ്മാനിക്കുക. കനത്ത കോൺക്രീറ്റ് അടിത്തട്ടിൽ പ്രത്യക്ഷപ്പെട്ട വിള്ളൽ ഇതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതിനു തൊട്ടുമുകളിലാണ് പുതിയ പാലത്തിന് സമീപം കണ്ടെയ്‌നർ ലോറി വീണുകിടക്കുന്നത്. കാലവർഷത്തിന് മുമ്പ് ലോറി പുറത്തെടുക്കാനായില്ലെങ്കിൽ പഴയപാലത്തിലെ വിള്ളലുള്ള തൂണിൽ തടഞ്ഞു നിൽക്കാനും സാധ്യതയുണ്ട്. ഒഴുകിയെത്തുന്ന മരങ്ങളും മറ്റും ഇവിടെ തടഞ്ഞു നിൽക്കുകയും ഈ തൂണിന്മേൽ ഭീമമായ സമ്മർദ്ദവുമുണ്ടാകാനും ഇടയാകും.

ചാലക്കുടിപ്പുഴയിലെ നിത്യ സന്ദർശകനായ തെറ്റയിൽ ബേബിയാണ് പാലത്തിലെ വിള്ളൽ കണ്ടത്. പിന്നീട് ബേബി വള്ളത്തിൽ സഞ്ചരിച്ച് ചിത്രങ്ങൾ പകർത്തുകയും ചെയ്തു.

............................

മുൻപ് റെയിൽ പാളത്തിലൂടെ വാഹന ഗതാഗതവും

1975ലാണ് ദേശീയ പാതയിൽ പാലം നിർമ്മിച്ചത്. എ.സി. ജോസ് എം.പി ഉദ്ഘാടനവും നിർവഹിച്ചു. പാലം നിർമ്മിക്കുന്നതിന് മുമ്പ് ഇപ്പോഴത്തെ റെയിൽ പാളത്തിലൂടെയായിരുന്നു വാഹന ഗതാഗതവും നടന്നത്. ട്രെയിൻ കടന്നു പോകുന്ന സമയങ്ങളിൽ ഗെയ്റ്റ് അടച്ചിട്ടും അല്ലാത്തപ്പോൾ വാഹനങ്ങളെ കടത്തി വിടുന്നതുമായിരുന്നു അക്കാലത്തെ സംവിധാനം. പഴയപാലത്തിന്റെ തകരാറിലായ സ്പാനുകൾ 1995ൽ മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. പിന്നീട് ദേശീയപാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി കിഴക്കു ഭാഗത്ത് മറ്റൊരു പാലവും നിർമ്മിച്ചു.