ചാലക്കുടി: വേനൽമഴയുടെ കാരുണ്യവും വേനൽ അവധിയും പരിയാരത്തെ കൊമ്പൻപാറ തടയണ പരിസരത്തെ വീണ്ടും ഉല്ലാസ കേന്ദ്രമാക്കി മാറ്റി. ചാലക്കുടിപ്പുഴയിലെ തടയണകളിൽ താരതമ്യേന അപകടം കുറഞ്ഞയിടമാണ് സി.എസ്.ആർ കടവിലെ കൊമ്പൻപാറ തടയണ. വീതിയേറിയ പുഴയും താഴത്തട്ടിലെ വെള്ളക്കുറവും വേനൽക്കാലത്ത് ഇവിടെ അധികം ഭയക്കാതെ കുളിക്കാനാകും.
കൊവിഡ് കാലമാണെങ്കിലും അവധി ദിവസങ്ങളിൽ തടയണയിൽ കുളിക്കാനും നേരമ്പോക്കിനുമായി എത്തുന്ന ആളുകൾ നിരവധിയാണ്. ദൂരെ നിന്നു വാഹനങ്ങളിലും സഞ്ചാരികളെത്തി ആഹ്ലാദം പങ്കിടുന്നു. സ്ത്രീകളും കുട്ടികളുമുണ്ട് കൂട്ടത്തിൽ. കുളിച്ച് ഉല്ലസിക്കുന്നവരുടെ എണ്ണം കൂടുമ്പോൾ നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. തടയണയുടെ മുകളിൽ പുഴയിലെ വെള്ളത്തിന് ആഴക്കൂടുതലുണ്ട്. നീന്തലറിയാത്ത കുട്ടികളെപ്പോലും തടയണയിൽക്കൂടി നടക്കാൻ അനുവദിക്കുന്ന മുതിർന്നവർ പലപ്പോഴും കൂടുതൽ ശ്രദ്ധിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
നൂറുകണക്കിനാളുകളാണ് ഞായറാഴ്ച തടയണയിൽ കുളിക്കാനെത്തിയത്. ആഹ്ലാദിച്ചും സെൽഫിയെടുത്തും സംഘം മണിക്കൂറുകൾ ചെലവഴിച്ച് മടങ്ങി. കാലവർഷം കനക്കുന്നതുവരെ തട്ടകത്തിലെ ആനന്ദം പകരുന്ന ഈ കാഴ്ചകൾ തുടരും.