തൃശൂർ : കഴിഞ്ഞ തവണ പൂരത്തിൽ പങ്കെടുക്കാനാകാതിരുന്ന ഘടക പൂരങ്ങൾ ഇത്തവണ എത്തും പരിവാരങ്ങളില്ലാതെ. തിരുവമ്പാടി പാറമേക്കാവ് തട്ടകങ്ങളിലുള്ള പോലെ തന്നെ പൂരാവേശം ഈ എട്ടു തട്ടകങ്ങളിലുമുണ്ടായിരുന്നു. കൊടിയേറ്റം കഴിഞ്ഞ് ശിവപുരിയിലേക്കുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമായതും പൂരം ചടങ്ങാക്കി മാറ്റാൻ തീരുമാനിച്ചതും.
ഇതോടെ സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ച് മേളക്കാരും സംഘാടകരും മാത്രമായിട്ടായിരിക്കും ഇത്തവണയെത്തുക. മേളക്കാരുടെ എണ്ണം സംബന്ധിച്ചും മറ്റും അവസാന തീരുമാനം ഇന്നും നാളെയുമായി ഉണ്ടാകും.
കണിമംഗലം ശാസ്താവ്, അയ്യന്തോൾ കാർത്യായനി ഭഗവതി, ചെമ്പൂക്കാവ് കാർത്യായനി ഭഗവതി, ലാലൂർ കാർത്ത്യായനി ദേവി, നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവിലമ്മ, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി എന്നിവരാണ് വടക്കുന്നാഥ ക്ഷേത്രത്തിന് ഒരു വിളിപ്പാടകലെയുള്ള എട്ടു ദേശങ്ങളിൽ നിന്ന് പൂരം നാളിൽ എത്താറുള്ളത്.
പൂരം പ്രതീകാത്മകമാക്കി നടത്തണം:
ശാസ്ത്ര സാഹിത്യ പരിഷത്ത്
തൃശൂർ : കൊവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശൂർ പൂരം ഉൾപ്പെടെ മുഴുവൻ ആൾക്കൂട്ട പരിപാടികളും ഒഴിവാക്കപ്പെടേണ്ടതാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തൃശൂർ പൂരം കഴിഞ്ഞ വർഷത്തെ പോലെ ചടങ്ങ് മാത്രമാക്കി നടത്തിയാൽ മതി. പരമാവധി പേർക്ക് വാക്സിൻ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ സുരക്ഷയ്ക്കുമാണ് ഇപ്പോൾ മുന്തിയ പരിഗണന നൽകേണ്ടത്. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് പൂരാഘോഷം നടത്താൻ അനുമതി നൽകിയ തീരുമാനത്തിൽ നിന്നും പിന്മാറാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും പരിഷത്ത് ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ ആവശ്യപ്പെട്ടു.
കണ്ടെയ്ന്മെന്റ് സോണിലെ
പൂരത്തിന് തടസമില്ല
തൃശൂര്‍: കണ്ടെയ്ന്മെന്റ് സോണിലെ തൃശൂര്‍ പൂരത്തിന് തടസങ്ങളുണ്ടാവില്ലെന്ന് കളക്ടര്‍ എസ്. ഷാനവാസ്. ഇന്നലെ കണ്ടെയ്ൻമെന്റ് സോണുകളാക്കിയ ഡിവിഷനുകളില്‍ നിന്നും രണ്ടു ചെറുപൂരങ്ങള്‍ വരാനുണ്ട്. എന്നാല്‍ ഒരു ദിവസത്തേക്കായതിനാല്‍ ഇവര്‍ക്ക് വേണ്ട ഇളവു നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.