തൃശൂർ : ആശങ്കയുടെ തോത് ഉയർത്തി ജില്ലയിൽ 1,388 പേർക്ക് കൂടി കൊവിഡ്. അതേസമയം 502 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7738 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,789 ആണ്. 1,06,397 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. സമ്പർക്കം വഴി 1,361 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 17 പേർക്കും, നാല് ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത ആറ് പേർക്കും രോഗബാധ ഉണ്ടായി. 8318 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. 4647 പേർക്കാണ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയത്.
വാക്സിൻ സ്വീകരിച്ചവർ
(വിഭാഗം, ഫസ്റ്റ് ഡോസ്, സെക്കൻഡ് ഡോസ്)
ആരോഗ്യപ്രവർത്തകർ
44,615
34,646
മുന്നണി പോരാളികൾ
10,897
9,052
പോളിംഗ് ഓഫീസർമാർ
24,336
4,797
45-59 വയസ്സിന് ഇടയിലുള്ളവർ
1,45,089
2,318
60 വയസ്സിന് മുകളിലുളളവർ
2,77,388
10,223
വാക്സിൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രം:
പരമാവധി 500 പേർക്ക്
തൃശൂർ : കൊവിഡ് 19 വാക്സിനേഷനായി ടൗൺ ഹാളിൽ വരുന്നവർക്ക് ഇനി മുതൽ മുൻകൂട്ടി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് സമയം ലഭിച്ചതിന് ശേഷം മാത്രമേ വാക്സിൻ എടുക്കാൻ സാധിക്കുകയുള്ളൂ. ഒരു ദിവസം 500 പേർക്ക് മാത്രമായിരിക്കും ഇന്ന് മുതൽ വാക്സിനേഷൻ. ക്രമാതീതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് 500 പേർക്ക് മാത്രമായി നിജപ്പെടുത്തിയത്. കൂടാതെ കണ്ടെയ്ൻമെന്റ് സോണിലുള്ളവരും രോഗ ലക്ഷണം ഉള്ളവരും വാക്സിനേഷൻ കേന്ദ്രങ്ങളിൽ യാതൊരു കാരണവശാലും പോകാൻ പാടുള്ളതല്ലെന്നും ഡി.എം.ഒ അറിയിച്ചു. തൃശൂർ പൂരം റിപ്പോർട്ട് ചെയ്യുന്നതിനായി വരുന്ന മാദ്ധ്യമപ്രവർത്തകർ, മേളക്കാർ, പൂരക്കമ്മറ്റി അംഗങ്ങൾ, പാപ്പാന്മാർ, സംഘാടകർ എന്നിവർക്ക് കൊവിഡ് 19 ടെസ്റ്റ് (ആർ.ടി.പി.സി.ആർ) ചെയ്യുന്നതിനുള്ള സൗകര്യം ടൗണിൽ മൂന്ന് കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുണ്ട്.
സിവിൽ സ്റ്റേഷനിൽ കർശന നിയന്ത്രണം
തൃശൂർ : കൊവിഡ് അതിവ്യാപനവുമായി ബന്ധപ്പെട്ട് സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ സന്ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജീവനക്കാർ ഉൾപ്പെടെ എല്ലാവരുടെയും പ്രവേശനം താഴത്തെ നിലയിൽ മദ്ധ്യഭാഗത്തുള്ള പ്രധാനകവാടത്തിലൂടെ മാത്രമാക്കി.
അത്യാവശ്യ കാര്യങ്ങൾക്കായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തും. തെർമൽ സ്ക്രീനിംഗ് സംവിധാനം താഴത്തെ നിലയിലുളള പ്രവേശന കവാടത്തിൽ ഉണ്ടായിരിക്കും. ഉദ്യോഗസ്ഥർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ചാലേ അകത്തേയ്ക്ക് പ്രവേശനം ലഭിക്കൂ. സിവിൽ സ്റ്റേഷനിൽ വരുന്ന പൊതുജനങ്ങൾ തിരിച്ചറിയൽ രേഖ ഹാജരാക്കണം. എല്ലാവരുടെയും പേരും മറ്റ് വിവരങ്ങളും പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം. അപേക്ഷ/പരാതി സമർപ്പിക്കുവാനായി പൊതുജനങ്ങൾ ഓഫീസിൽ നേരിട്ട് വരാതെ ഇ മെയിൽ (tsrcoll.ker@ni-c.in), വാട്സ് ആപ് (നമ്പർ: 9400044644), ടെലിഫോൺ (04872360130) എന്നീ മാർഗ്ഗങ്ങൾ സ്വീകരിക്കണം.