തൃശൂർ : കഴിഞ്ഞ വർഷം പൂരത്തെ കവർന്നെടുത്ത കൊവിഡ് വീണ്ടും വർദ്ധിത വീര്യത്തോടെ എത്തിയതോടെ പൂത്തുലയുന്ന പൂരം സ്വപ്‌നം കണ്ട പൂരാസ്വദകർക്ക് ഇത്തവണയും നിരാശയായി. പൂരം ജനങ്ങളെ പങ്കെടുപ്പിക്കാതെ ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. കൊവിഡിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൂരം ചടങ്ങ് മാത്രമാക്കുന്നതിനോട് എതിർപ്പില്ലെങ്കിലും പൂരുഷാരമില്ലാത്ത പൂരം എവരിലും നിരാശയാണ് നൽകുന്നത്. തൃശൂരിന്റെ സമസ്ത മേഖലകളെയും ഉണർത്തുന്നതാണ് പൂരം . പൂരകമ്പക്കാർക്ക് മതിവരാക്കാഴ്ച്ചയാണ് പൂരം സമ്മാനിച്ചിരുന്നത്.
വാദ്യക്കാരെ സംബന്ധിച്ച് തൃശൂർ പൂരത്തിൽ പങ്കെടുക്കുകയെന്നത് മുൻജന്മസുകൃതമെന്നാണ് പറയാറ്. അങ്ങനെ വിവിധ മേഖലകളിൽ ഉള്ളവർക്ക് പൂരം ഒരു വികാരമായിരുന്നു. തൃശൂരിന്റെ സാമ്പത്തിക മേഖലയെ തൊട്ടുണർത്തുന്ന ഒന്നു കൂടിയാണ് ശക്തന്റെ മണ്ണിലെ പുരുഷാരങ്ങളുടെ പൂരം. ഒരു പൂരം കഴിഞ്ഞാൽ പിറ്റേന്ന് തന്നെ അടുത്ത വർഷത്തെ പൂരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും എന്നാണ് പറയുക. പൂരം ചടങ്ങ് മാത്രമായി മാറ്റുന്നതോടെ തേക്കിൻക്കാട്ടിൽ ഇത്തവണ പുരുഷാരം നിറയില്ല. മഠത്തിൽ വരവിനും തിരുവമ്പാടിയുടെ ശ്രീമൂല സ്ഥാനത്തേക്കുള്ള എഴുന്നള്ളത്തിലും വടക്കുംനാഥന്റെ ഇലഞ്ഞിമര ചുവട്ടിൽ കൊട്ടിക്കയറുന്ന ഇലഞ്ഞിത്തറ മേളത്തിനും തേക്കെ ഗോപൂര നടയിൽ പൂഴിയിട്ടാൽ നിലത്ത് വീഴാത്ത പുരുഷാരം നിറയുന്ന കുടമാറ്റത്തിനും ഇത്തവണ സാക്ഷിയാകുക പൂരം സംഘടാകരും വാദ്യക്കാരും ആനക്കാരും സൂരക്ഷ പൊലീസും ഒപ്പം എല്ലാത്തിനും മൂകസാക്ഷിയായി വടക്കുംനാഥനും.
വാദ്യപെരുമഴയിൽ ആറാടാൻ ആസ്വാദകരില്ലാത്ത പൂരം
പൂരനാളിൽ കണിംമംഗലം ശാസ്താവ് തേക്കെ ഗോപൂര വാതിലിലൂടെ കടന്നു വരുന്നതോടെ ആരംഭിക്കുന്ന വാദ്യപെരുമഴ പെയ്ത് തോരുന്നത് പിറ്റേന്ന് ഉച്ചയ്ക്ക് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് നിന്ന് ഉപചാരം ചൊല്ലി പിരിയുമ്പോൾ മാത്രമാണ്. തുടർന്ന് ഘടകപൂരങ്ങൾ പഞ്ചവാദ്യവും മേളവുമായി തട്ടകങ്ങളെ ഉണർത്തി കടന്ന് വരുമ്പോൾ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവും, പാണ്ടിമേളവും, പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും, രാത്രി പഞ്ചവാദ്യവും, കുടമാറ്റവും , ഒടുവിൽ ദേവ സഹോദരിമാരുടെ ഉപചാരം ചൊല്ലലും പൂരം കാണുന്ന ഒരോരുത്തർക്കും കാഴ്ചകളുടെ പുതു അനുഭവങ്ങളാണ് ഒരോ കൊല്ലവും നൽകിയിരുന്നത്. മഠ്ത്തിൽ വരവ് പഞ്ചവാദ്യത്തിനും പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ കൊട്ടികയറുന്ന ഇലഞ്ഞിത്തറ മേളത്തിനും കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ നടക്കുന്ന തിരുവമ്പാടിയുടെ പാണ്ടിമേളത്തിനും ആയിരക്കണക്കിന് വാദ്യാസ്വാദകരാണ് ശക്തന്റെ തട്ടകത്ത് എത്താറുള്ളത്. എന്നാൽ തുടർച്ചയായ രണ്ടാം വർഷവും കൊവിഡ് മഹാമാരി പൂരത്തെ തട്ടിയെടുത്തത്.
ആനപ്രേമികൾക്ക് നിരാശ
പൂരത്തലേന്ന് ഉച്ചമുതൽ തന്നെ തേക്കിൻക്കാട് മൈതാനിയിലും പാറമേക്കാവിന്റെ ആനത്താവളത്തിലും ആനപ്രേമികളുടെ തിക്കും തിരക്കുമാണ്. തങ്ങളുടെ ഇഷ്ടപ്പെട്ട കൊമ്പൻമാർക്ക് മുന്നിൽ നിന്ന് അവന്റെ സൗന്ദര്യം ആസ്വദിക്കാൻ ഊണും ഉറക്കവുമില്ലാതെയാണ് നിലയുറപ്പിക്കാറുള്ളത്. എത്രയെടുത്താനലും മതിവാരാത്ത ചിത്രങ്ങളുമായാണ് അവസാനം അവർ കളംവിടുക. എന്നാൽ ഇത്തവണ സ്വരാജ് റൗണ്ട് വിട്ട് ഒരടി മുന്നോട്ട് പോകാൻ അനുവാദമില്ലാതായതോടെ ആനകമ്പക്കാരെ സംബന്ധിച്ച് പൂരം കഴിഞ്ഞ വർഷത്തെ തനിയാവർത്തനമായി മാറും.
പ്രതീക്ഷ നഷ്ടപ്പെട്ട് വെടിക്കെട്ട് കമ്പക്കാർ
ഭൂരിഭാഗം വെടിക്കെട്ടുകളും ഇല്ലാതായതോടെ വെടിക്കെട്ട് കമ്പക്കാരുടെ ഏക പ്രതീക്ഷയായിരുന്നു തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വെടിക്കെട്ടിനുള്ള അനുമതി നേരത്തെ തന്നെ ലഭിച്ചതോടെ ആഹ്‌ളാദത്തിലായിരുന്നു കമ്പക്കെട്ട് പ്രേമികൾ. നാളെ നടക്കേണ്ട സാമ്പിൾ വെടിക്കെട്ട് പൂർണ്ണമായി ഉപേക്ഷിച്ച് കഴിഞ്ഞു. പ്രതീകാത്മകമായി ഒരു അമിട്ട് മാത്രമാണ് പൊട്ടിക്കുക. പൂരം നാളിലെ വെടിക്കെട്ട് സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. വെടിക്കെട്ട് നടത്താൻ തീരുമാനിച്ചാലും കാണിക്കൾക്ക് പ്രവേശനമില്ലാത്തിനാൽ ആസ്വാദകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞു. സാമ്പിൾ വെടിക്കെട്ടിന്റെ ഒരുക്കങ്ങൾ തേക്കിൻക്കാട് മൈതാനിയിൽ നടക്കുന്നതിനിടെയായിരുന്നു പൂരം ചടങ്ങായി മാറ്റാൻ തീരുമാനിച്ചത്.
അവസാന പ്രതീക്ഷയും നഷ്ടപ്പെട്ട് വ്യാപാരി സമൂഹം
തൃശൂർ പൂരം നഗരത്തിലെ ചെറുകിട കച്ചവടക്കാർ മുതൽ വൻകിടകച്ചവടക്കാർ വരെയുള്ളവർക്ക് ഏറെ ആശ്വാസമാണ് നൽകിയിരുന്നത് .എന്നാൽ കഴിഞ്ഞ വർഷം പൂരം കവർന്നെടുത്തപ്പോൾ ഇത്തവണയെങ്കിലും അത് മാറി വ്യാപാരം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. കഴിഞ്ഞ മാസം കൊവിഡ് രോഗികളുടെ എണ്ണം 70 വരെ എത്തിയതോടെ പ്രതീക്ഷകൾ ഏറെയായി. പൂരം കണക്കിലെടുത്ത് കൂടുതൽ സ്‌റ്റോക്ക് എത്തിക്കുകയും പൂരകച്ചവടത്തിന് ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൊവിഡ് വ്യാപനം കൂടിയതും നിയന്ത്രണങ്ങൾ വന്നതും.
ഘടക പൂരങ്ങളെത്തും തട്ടകക്കാരില്ലാതെ
കഴിഞ്ഞ തവണ പൂരത്തിൽ പങ്കെടുക്കാനാകാൻ സാധിക്കാതിരുന്ന ഘടക പൂരങ്ങൾ ഇത്തവണ എത്തുമെങ്കിലും പരിവാരങ്ങളില്ലാതെ. തിരുവമ്പാടി പാറമേക്കാവ് തട്ടകങ്ങളിലുള്ളപോലെ തന്നെ പൂരാവേശം ഈ എട്ടു തട്ടകങ്ങളിലുമുണ്ടായിരുന്നു. കൊടിയേറ്റം കഴിഞ്ഞ് ശിവപുരിയിലേക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമായതും പൂരം ചടങ്ങുകളാക്കി മാറ്റാൻ തീരുമാനിച്ചത്. ഇതോടെ സർക്കാരിന്റെ നിബന്ധനകൾക്ക് അനുസരിച്ച് മേളക്കാരും സംഘാടകരും മാത്രമായിട്ടായിരിക്കും ഇത്തവണയെത്തുക. മേളക്കാരുടെ എണ്ണം സംബന്ധിച്ചും മറ്റും അവസാന തീരുമാനങ്ങൾ ഇന്നും നാളെയുമായി ഉണ്ടാകും. പൂരം കൊടിയേറ്റത്തിന് മുന്നേ ഈ ക്ഷേത്രങ്ങളും അണിഞ്ഞൊരുങ്ങാൻ തുടങ്ങിയിരുന്നു. പ്രൗഡഗംഭീരമായ പൂരം പുറപ്പാടാണ് എട്ടു ക്ഷേത്രങ്ങളിലുമുണ്ടാകാറുള്ളത്. ആനപ്പൂരവും എഴുന്നള്ളിപ്പുമെല്ലാം കൊണ്ട് സമ്പന്നമായാണ് ദേവീദേവൻമാർ പൂരനഗരയിലെത്താറുള്ളത്.
കണിമംഗലം ശാസ്താവ്, അയ്യന്തോൾ കാർത്യായനി ഭഗവതി, ചെമ്പുക്കാവ് കാർത്യായിനി ഭഗവതി, ലാലൂർ കാർത്യായനി ദേവി, നെയ്തലക്കാവിലമ്മ, ചൂരക്കോട്ടുകാവിലമ്മ, പനമുക്കുംപിള്ളി ശാസ്താവ്, കാരമുക്ക് ഭഗവതി എന്നിവരാണ് വടക്കുന്നാഥ ക്ഷേത്രത്തിന് ഒരു വിളിപ്പാടകലെയുള്ള എട്ടു ദേശങ്ങളിൽ നിന്ന് പൂരം നാളിൽ എത്താറുള്ളത്.