pooram

തൃശൂർ : കൊവിഡിന്റെ കരിനിഴലിൽ രണ്ടാം വർഷവും തൃശൂർ പൂരം ചടങ്ങിലേക്ക് ഒതുങ്ങും. പൂരത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൂരം ചടങ്ങിലേക്ക് മാറ്റാൻ സർക്കാരും സംഘാടകരും നിർബന്ധിതരായത്.

കഴിഞ്ഞ എതാനും ദിവസമായി പൂരം നടത്തിപ്പ് സംബന്ധിച്ച് ഏറെ അനിശ്ചിതത്വമാണ് നിറഞ്ഞ് നിന്നിരുന്നത്. ഇതിനിടെ പൂരം തകർക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായുള്ള വിവാദവും ഉയർന്നിരുന്നു. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ആദ്യ ഘട്ട ആലോചനകൾ നടക്കുമ്പോൾ ജില്ലയിലെ കൊവിഡ് പൊസിറ്റീവ് നിരക്ക് വളരെ കുറവായിരുന്നു. എന്നാൽ പൂരം കൊടിയേറ്റത്തിന് ഏതാനും ദിവസം മുമ്പ് മാത്രമാണ് കൊവിഡ് കണക്ക് കുതിച്ചുയർന്നത്. ഇതോടെ അനിശ്ചിതത്വമേറി.

ഒടുവിൽ ഇന്നലെ രാവിലെ മുതൽ നടന്ന മാരത്തോൺ ചർച്ചയിലാണ് ചടങ്ങിലൊതുക്കാൻ തീരുമാനിച്ചത്.

സ്വരാജ് റൗണ്ടിൽ 23 ന് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിക്കും. പാസ് ഉള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. അനൗദ്യോഗികമായ മാരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് നിർണായക തീരുമാനമുണ്ടായത്. ഡി.എം.ഒയുടെ ചില പരാമർശങ്ങൾക്ക് എതിരെ കടുത്ത നിലപാട് സ്വീകരിച്ച ദേവസ്വങ്ങളുടെ വികാരം ഉൾക്കൊണ്ട് പ്രത്യേക മെഡിക്കൽ സമിതിയുണ്ടാക്കി. ഡി.എം.ഒയുടെ തീരുമാനങ്ങളെ വിമർശിച്ച ദേവസ്വങ്ങൾ മെഡിക്കൽ സമിതിയുടെ തീരുമാനം അംഗീകരിക്കാമെന്ന നിലപാടെടുത്തതോടെ തീരുമാനം എളുപ്പമായി. ചീഫ് സെക്രട്ടറി വി.പി ജോയിയുടെയും ബന്ധപ്പെട്ട ദേവസ്വങ്ങളുടെയും യോഗത്തിലാണ് ധാരണയുണ്ടായത്. കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകുമെന്നത് പരിഗണിച്ചാണ് തീരുമാനം.

പാറമേക്കാവ് 15 ആനകളോടെ

കർശന നിബന്ധനകളോടെ എങ്ങനെയാണ് പൂരം നടത്തുക എന്ന കാര്യത്തിൽ ദേവസ്വങ്ങൾക്ക് ആശങ്കയുണ്ട്. പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് 23 ന് ഉച്ചയ്ക്ക് 12 ന് 15 ആനകളോടെ നടത്തുമെന്ന് ദേവസ്വം അറിയിച്ചു.


തിരുവമ്പാടി ഒരാനപ്പുറത്ത്

പാറമേക്കാവ് വിഭാഗം ചടങ്ങുകൾക്ക് 15 ആനകളെയും അണിനിരത്തുമ്പോൾ തിരുവമ്പാടി വിഭാഗം ഒരാനപ്പുറത്തു ചടങ്ങു മാത്രമായാണ് നടത്തുക. ജനക്കൂട്ടത്തെ മാറ്റിനിറുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം. തിരുവമ്പാടി വിഭാഗം ഒരാനപ്പുറത്താണ് എഴുന്നള്ളിപ്പ് നടത്തുക എന്നതിനാൽ മുഖാമുഖം അണിനിരന്നുള്ള കുടമാറ്റം ഉണ്ടാകില്ല. മഠത്തിൽവരവ് പഞ്ചവാദ്യം ഉൾപ്പെടെ ലളിതമായാണ് നടത്തുക. ദേവസ്വങ്ങളുടെ പ്രതിനിധികൾക്കും ആന പാപ്പാന്മാർക്കും ഉൾപ്പെടെ കർശനമായ കൊവിഡ് പരിശോധനാ നിബന്ധനകളോടെയാണ് തേക്കിൻകാട്ടിലേക്ക് പ്രവേശനം അനുവദിക്കുക.

എല്ലാ വഴികളും അടക്കും

ജനക്കൂട്ടം ഒഴിയുന്ന സാഹചര്യം ആരോഗ്യപ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസം പകരും. സ്വരാജ് റൗണ്ടിലേക്കുള്ള 19 വഴികളും 23 ന് പൊലീസ് അടച്ചുപൂട്ടും. പാസില്ലാത്ത ആരെയും പ്രവേശിപ്പിക്കില്ല. ആളുകൾ ഇരച്ചെത്തിയാൽ എങ്ങനെ നിയന്ത്രണം നടപ്പാകാനാകുമെന്ന ചിന്തയിലായിരുന്നു പൊലീസ്. ജനക്കൂട്ടത്തെ ഒഴിവാക്കാനുള്ള തീരുമാനമുണ്ടായതോടെ അക്കാര്യത്തിലുള്ള ആശങ്കയും ഒഴിവായി.