ചാലക്കുടി: ചാലക്കുടിയിലും കൊവിഡ് വ്യാപനം രൂക്ഷമായി. തിങ്കളാഴ്ച 85 പേരിൽ പുതുതായി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. പരിയാരത്ത് കൊവിഡ് പിടിപെട്ട് ഒരു മരണവും സംഭവിച്ചു. നഗരസഭ പരിധിയിൽ 52 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്. കോടശേരിയിൽ 12 പേർക്ക് രോഗമുണ്ട്. കൊരട്ടി 9, കോടശേരി 12, മേലൂർ 4, കാടുകുറ്റി, മേലൂർ എന്നിവിടങ്ങളിൽ ഒന്നുവീതം എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ എണ്ണം.

ആൾക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ്

കൊവിഡ് പടരുന്ന സാഹചര്യത്തിൽ നഗരസഭ തലത്തിൽ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കുവാൻ നഗരസഭ വിളിച്ചു കൂട്ടിയ സർവ്വകക്ഷി യോഗം തീരുമാനിച്ചു. ആൾക്കൂട്ടങ്ങൾ നിയന്ത്രിക്കുന്നതിന് പൊലീസ് നടപടി ശക്തമാക്കും. പുതിയ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുന്നതിനുള്ള സൗകര്യം കണ്ടെത്തും. വാർഡ് തല നിരീക്ഷണ സമിതിയുടെ പ്രവർത്തനം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. കൊവിഡ് പരിശോധന വർദ്ധിപ്പിക്കും. പൊതു സ്ഥലങ്ങളും ഓഫീസുകളും അണുനശീകരണവും ശുചീകരണ പ്രവർത്തനവും നടത്തും. പൊതു പരിപാടികളും ആഘോഷങ്ങളും നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകും. താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കും. ബീവറേജ് ഷോപ്പിലെ തിരക്ക് ഒഴിവാക്കി നിയന്ത്രണം പാലിക്കുന്നതിന് പൊലീസ് ഇടപെടൽ നടത്തും. മൈക്ക് പ്രചരണം വഴി നിർദ്ദേശം പൊതുജനങ്ങളെ അറിയിക്കാനും യോഗം തീരുമാനിച്ചു. ചെയർമാർ വി.ഒ പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, ഹെൽത്ത് ചെയർമാൻ കെ.വി പോൾ, ആശുപത്രി സൂപ്രണ്ട് ഡോ. എൻ.എ ഷീജ , വില്ലേജ് ഓഫീസർ ഷൈജു ചെമ്മന്നൂർ, ആയുർവേദ ഡോക്ടർ സിസി, ഫയർ ഫോഴ്‌സ് ഓഫീസർ ജോയ് , സെക്രട്ടറി എം.എസ് ആകാശ്, ഹെൽത്ത് സൂപ്പർവൈസർ പോൾ തോമസ്, രാഷ്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.