തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയതോടെ ഇന്ന് മുതൽ പൊലീസ് കളത്തിലിറങ്ങും.സിറ്റി പൊലീസിന്റെയും റൂറൽ പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കും. രാത്രി 9 മണിക്ക് ശേഷം മതിയായ കാരണങ്ങൾ ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് എതിരെ കർശന നടപടികൾ കൈകൊള്ളും. നഗരത്തിൽ കൂടുതൽ പൊലീസിനെ ഇന്ന് മുതൽ നിയോഗിക്കും. 9ന് ശേഷം കടകൾ അടക്കണം എന്ന് വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാമൂഹിക അകലം, മാസ്ക്, സാനിറ്റിസർ എന്നിവ പാലിക്കാത്തവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുക.
കൊവിഡ് 19 വാക്‌സിനേഷനായി ടൗൺ ഹാളിൽ വരുന്നവർക്ക് ഇനി മുതൽ മുൻകൂട്ടി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് സമയം ലഭിച്ചതിന് ശേഷം മാത്രമേ വാക്‌സിൻ എടുക്കാൻ സാധിക്കുകയുള്ളൂ. ഒരു ദിവസം 500 പേർക്ക് മാത്രമായിരിക്കും ഇന്ന് മുതൽ വാക്‌സിനേഷൻ. ക്രമാതീതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് 500 പേർക്ക് മാത്രമായി നിജപ്പെടുത്തിയത്. കൂടാതെ കണ്ടെയ്ൻമെന്റ് സോണിലുള്ളവരും രോഗ ലക്ഷണം ഉള്ളവരും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ യാതൊരു കാരണവശാലും പോകാൻ പാടുള്ളതല്ലെന്നും ഡി.എം.ഒ അറിയിച്ചു. തൃശൂർ പൂരം റിപ്പോർട്ട് ചെയ്യുന്നതിനായി വരുന്ന മാദ്ധ്യമപ്രവർത്തകർ, മേളക്കാർ, പൂരക്കമ്മറ്റി അംഗങ്ങൾ, പാപ്പാന്മാർ, സംഘാടകർ എന്നിവർക്ക് കൊവിഡ് 19 ടെസ്റ്റ് (ആർ.ടി.പി.സി.ആർ) ചെയ്യുന്നതിനുള്ള സൗകര്യം ടൗണിൽ മൂന്ന് കേന്ദ്രങ്ങളിലായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തിക്കുകയാണ്. ഞായറാഴ്ച 1780 പേർക്കും ഇന്നലെ 1388 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെയ് ആദ്യ വരാമാകുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിലേറെ എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടൽ. അതു കൊണ്ട് തന്നെ കർശന ജാഗ്രത ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന മുന്നറിയിപ്പ് ആണ് ആരോഗ്യ വകുപ്പ് നൽകുന്നത്.