തൃശൂർ: പൂരം ചടങ്ങായി നടത്താൻ ഘടക ക്ഷേത്രങ്ങളുടെ തീരുമാനം. ഇന്ന് രാവിലെ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസിൽ പ്രസിഡന്റ് വി. നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ എന്നിവർക്ക് പുറമെ ഘടക ക്ഷേത്രങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പൂരം ചടങ്ങിൽ ഒതുങ്ങുമ്പോൾ ഘടകപൂരങ്ങളിൽ പങ്കെടുക്കേണ്ട ആനകളുടെയും സംഘാടകരുടെയും കാര്യത്തിലും തീരുമാനമായി. വാദ്യക്കാരുടെ എണ്ണം കുറയ്ക്കും. ഒരാനയുമായി എഴുന്നെള്ളിപ്പ് നടത്തും.
സംഘാടകരുടെ എണ്ണം, ഘടക ക്ഷേത്രങ്ങളുടെ നിലപാട് എന്നിവയാണ് ഇന്നത്തെ ചർച്ചയിൽ പ്രധാനമായും ഉണ്ടായത്. ഒരാനയെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകൾ നടത്താനാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷം തിരുവമ്പാടി വിഭാഗം ഉത്സവ കമ്മിറ്റി ചേർന്ന് തീരുമാനിച്ചത്. 15 ആനപ്പുറത്ത് തന്നെ എല്ലാ ചടങ്ങുകളും പൊതുജനങ്ങളെ ഒഴിവാക്കി നടത്തുമെന്നാണ് പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കിയത്. ഏട്ട് ഘടകക്ഷേത്രങ്ങളിൽ നാല് ക്ഷേത്രങ്ങൾക്ക് വീതമാണ് ഓരോ വിഭാഗവും ആനകളെ നൽകേണ്ടത്. നിലവിലെ സാഹചര്യത്തിൽ അത് എത്ത്രോളം പ്രായോഗികമാണെന്ന് ഇന്നത്തെ യോഗത്തിൽ ചർച്ചയായി. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ഒരാന, അത്യാവശ്യം വേണ്ട വാദ്യക്കാർ, 50 സംഘടാകർ എന്നിവർ മാത്രമാണ് പൂരത്തിൽ പങ്കെടുക്കുക.
അതേ സമയം, പാറമേക്കാവ് വിഭാഗം 15 ആനകളോടെ എഴുന്നള്ളിപ്പ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്ന് പുറകോട്ട് പോകുമെന്നാണ് കരുതുന്നത്. തിരുവമ്പാടി വിഭാഗം ഒരാന പുറത്തു ചടങ്ങുകൾ നടത്തുമ്പോൾ പാറമേക്കാവ് മാത്രം അതിനു തയ്യാറാകാതിരുന്നാൽ കടുത്ത എതിർപ്പ് ഉയരാനുള്ള സാദ്ധ്യത ഉണ്ട്. പൂരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം ആണ് ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.