covid

തൃശൂർ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ച സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലേക്കും അനുബന്ധ സ്ഥലങ്ങളിലേക്കും പ്രവേശനം എട്ട് സ്ഥലങ്ങളിലൂടെ മാത്രമായി ചുരുക്കി കർശന നിയന്ത്രണവുമായി പൊലീസ്. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പാസ് പരിശോധനയ്ക്ക് വിധേയമാക്കണം. പൂരം പങ്കാളികളായ ദേവസ്വങ്ങൾ, ഘടക ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ സംഘാടകർ, ക്ഷേത്രം ജീവനക്കാർ, ആനപാപ്പാന്മാർ, വാദ്യക്കാർ, മാധ്യമപ്രവർത്തകർ, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക.
പൂരം പങ്കാളികളായ ദേവസ്വങ്ങൾ, ഘടക ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ സംഘാടകർ, ക്ഷേത്രം ജീവനക്കാർ, ആനപാപ്പാന്മാർ, വാദ്യക്കാർ, മാദ്ധ്യമപ്രവർത്തകർ, ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള സർക്കാർ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടായിരിക്കുക. നഗരത്തിനകത്തെ ആശുപത്രികൾ, മറ്റ് അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് ജോലിസ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് സ്ഥാപനത്തിൽ നിന്നും നൽകിയിട്ടുള്ള ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡ് കൈവശം കരുതണം. ഇത് കാണിച്ചാൽ പ്രവേശനം അനുവദിക്കും. 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ. ടെസ്റ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിൻ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് എല്ലാവർക്കും നിർബന്ധമാണ്.
നഗരഭാഗത്തുള്ള ഫ്‌ളാറ്റുകൾ, കെട്ടിട സമുച്ചയങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ, അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണെന്ന് കർശന നിർദ്ദേശം നൽകി. പുറത്ത് നിന്നുള്ളവരെ താമസിപ്പിക്കുന്നത് ഒഴിവാക്കാനും അറിയിച്ചിട്ടുണ്ട്. സ്വരാജ് റൗണ്ടിലും, റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഔട്ടർ സർക്കിൾ റോഡുകൾ മുതൽ സ്വരാജ് റൗണ്ട് വരെയുള്ള എല്ലാ പ്രദേശങ്ങളിലും മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള യാതൊരുവിധ കച്ചവട സ്ഥാപനങ്ങളും ഷോപ്പിംഗ് മാളുകളും പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. എം.ജി റോഡ്, ശങ്കരയ്യ റോഡ് ജംഗ്ഷൻ, പൂങ്കുന്നം ജംഗ്ഷൻ, പാട്ടുരായ്ക്കൽ അശ്വിനി ജംഗ്ഷൻ, ചെമ്പൂക്കാവ് , ആമ്പക്കാടൻ മൂല, പൗരസമിതി ജംഗ്ഷൻ, മനോരമ സർക്കിൾ, മാതൃഭൂമി സർക്കിൾ, വെളിയന്നൂർ, റെയിൽവേ സ്റ്റേഷൻ റോഡ്, ദിവാൻജി മൂല, പൂത്തോൾ എന്നിവയാണ് ഔട്ടർ സർക്കിൾ റോഡുകൾ.

പ്രവേശനവഴികൾ


1. എം.ജി റോഡ്.
2. ഷൊർണൂർ റോഡ്
3. ബിനി ജംഗ്ഷൻ
4. പാലസ് റോഡ്
5. കോളേജ് റോഡ് (ഹോസ്പിറ്റൽ) ജംഗ്ഷൻ
6. ഹൈറോഡ്
7. എം.ഒ റോഡ്
8. കുറുപ്പം റോഡ്


ദേവസ്വങ്ങളുടെ ശ്രദ്ധയ്ക്ക്


വാദ്യക്കാർ, സഹായികൾ, ദേവസ്വം ഭാരവാഹികൾ, ക്ഷേത്രം ജീവനക്കാർ തുടങ്ങിയവർക്കെല്ലാം പാസ് നൽകുന്നതിനുള്ള ചുമതല ദേവസ്വം ഭാരവാഹികൾക്ക് ആയിരിക്കും. ഓരോ ദേവസ്വങ്ങളും വിതരണം ചെയ്യുന്ന പാസിന്റെ എണ്ണം ദേവസ്വങ്ങൾ മുൻകൂട്ടി, ജില്ലാ പൊലീസ് മേധാവിയെ അറിയിച്ച്, അനുവാദം വാങ്ങി, നിർദ്ദിഷ്ട മാതൃകയിൽ പ്രിന്റ് ചെയ്യണം. ഫോട്ടോയും, പേരും മൊബൈൽ നമ്പറും വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തണം.

അന്വേഷണത്തിന് സ്‌പെഷ്യൽ ബ്രാഞ്ച്

സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി അപേക്ഷകർ സമർപ്പിച്ചിട്ടുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ യോഗ്യമായതാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ദേവസ്വം അധികൃതർക്ക് പാസുകൾ വിതരണത്തിനായി തിരികെ നൽകൂ. ദേവസ്വം അധികൃതർ നൽകാനുദ്ദേശിക്കുന്ന പാസുകളും അനുബന്ധ രേഖകളും 22 ന് രാവിലെ 10 ന് മുമ്പായി സ്‌പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർക്ക് സമർപ്പിക്കണം.