കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ വർദ്ധിച്ചിച്ച് കൂടുതൽ രോഗികളെ പ്രവേശിപ്പിക്കുന്നതിനും താലൂക്ക് ആശുപത്രിയിൽ കൊവിഡ് ഇതര ചികിത്സയ്‌ക്കെത്തുന്ന നിർദ്ധനരായ രോഗികൾക്കുള്ള സൗകര്യങ്ങൾ നഷ്ടപ്പെടാതെ ആശുപത്രിയിലെ പുതിയ കെട്ടിടം വിനിയോഗിക്കുന്നതിന് താലൂക്ക് ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി.
മേയ് ഒന്ന് മുതൽ 18 വയസിന് മുകളിലുള്ളവർക്ക് പ്രതിരോധ വാക്‌സിൻ നൽകും. വാക്‌സിൻ സ്വീകരിക്കന്നവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേർക്ക് വാക്‌സിൻ നൽകുന്നതിന് നഗരസഭ ടൗൺഹാളിൽ സ്‌പെഷ്യൽ വാക്‌സിൻ കേന്ദ്രം ആരംഭിക്കും. പുതിയ കൊവിഡ് രോഗികളെ ഇപ്പോഴുള്ള ഫീമെയിൽ വാർഡിൽ പ്രവേശിപ്പിക്കും. ആശുപത്രിയിലെ മറ്റ് കൊവിഡ് ഇതര രോഗികളെ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റും.
പുതിയ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ഉടനെ ലഭ്യമാക്കും. കുടിവെള്ള ലഭ്യതയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് പൊതുമരാമത്ത് വിഭാഗം അസി. എക്‌സി.എൻജിനിയർക്ക് നിർദ്ദേശം നൽകി. ചികിത്സാ കേന്ദ്രത്തിലേക്കാവശ്യമായ ഫർണിച്ചറുകൾക്ക് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുല്ലൂറ്റ് മുസ്‌രിസ് കൺവെൻഷൻ സെന്ററിലുള്ള കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ കൂടുതൽ രോഗികളെ കിടത്തുന്നതിന് സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഉണ്ണിക്കൃഷ്ണൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രേംകുമാർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സി. എൻജിനിയർ ആന്റണി, ബിനു, സി.എസ് പ്രകാശൻ, കെ.വി ഗോപാലകൃഷ്ണൻ, ഡോ. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.