തൃശൂർ : കഴിഞ്ഞ വർഷം പൂരത്തെ കവർന്നെടുത്ത കൊവിഡ് വീണ്ടും വർദ്ധിത വീര്യവുമായി എത്തിയതോടെ പൂത്തുലയുന്ന പൂരം സ്വപ്‌നം കണ്ട പൂരാസ്വാദകർക്ക് ഇത്തവണയും നിരാശ. ആവേശപൂർവ്വം കൊടിയേറ്റം കണ്ട പൂരപ്രേമികൾക്ക് പൂരം കഴിയും മുമ്പ് കൊടിയിറക്കിന്റെ പ്രതീതി.
തൃശൂരിന്റെ സമസ്ത മേഖലകളെയും ഉണർത്തുന്നതാണ് പൂരം . പൂരക്കമ്പക്കാർക്ക് മതിവരാക്കാഴ്ച്ചയാണ് പൂരം. തൃശൂരിന്റെ സാമ്പത്തിക മേഖലയെ തൊട്ടുണർത്തുന്ന ഒന്നു കൂടിയാണത്. പക്ഷേ ഇപ്രാവശ്യം 36 മണിക്കൂർ നീളുന്ന പൂരത്തിന് സാക്ഷിയാകുക പൂരം സംഘാടകരും വാദ്യക്കാരും ആനക്കാരും പൊലീസുമാകും. ഒപ്പം എല്ലാറ്റിനും മൂകസാക്ഷിയായി വടക്കുംനാഥനും.
ആസ്വാദകരില്ലാത്ത വാദ്യപെരുമഴ
പൂരനാളിൽ കണിംമംഗലം ശാസ്താവ് തേക്കെ ഗോപുര വാതിലിലൂടെ കടന്നു വരുന്നതോടെ ആരംഭിക്കുന്ന വാദ്യപെരുമഴ പെയ്ത് തോരുന്നത് പിറ്റേന്ന് ഉച്ചയ്ക്ക് പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് നിന്ന് ഉപചാരം ചൊല്ലി പിരിയുമ്പോൾ മാത്രമാണ്. തുടർന്ന് ഘടകപൂരങ്ങൾ പഞ്ചവാദ്യവും മേളവുമായി തട്ടകങ്ങളെ ഉണർത്തി കടന്ന് വരുമ്പോൾ തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവും, പാണ്ടിമേളവും, പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും, രാത്രി പഞ്ചവാദ്യവും, കുടമാറ്റവും, ഒടുവിൽ ദേവ സഹോദരിമാരുടെ ഉപചാരം ചൊല്ലലും പൂരം കാണുന്ന ഒരോരുത്തർക്കും കാഴ്ചകളുടെ പുതു അനുഭവങ്ങളാണ് സമ്മാനിച്ചിരുന്നത്.
കരിവീരചന്തം കാണാനാകാതെ ആനപ്രേമികൾ
പൂരത്തലേന്ന് ഉച്ചമുതൽ തേക്കിൻക്കാട് മൈതാനിയിലും പാറമേക്കാവിന്റെ ആനത്താവളത്തിലും ആനപ്രേമികളുടെ തിക്കും തിരക്കുമാണ്. തങ്ങളുടെ ഇഷ്ടപ്പെട്ട കൊമ്പന്മാർക്ക് മുന്നിൽ നിന്ന് അവന്റെ സൗന്ദര്യം ആസ്വദിക്കാൻ ഊണും ഉറക്കവുമില്ലാതെയാണ് നിലയുറപ്പിക്കാറുള്ളത്. എന്നാൽ ഇത്തവണ സ്വരാജ് റൗണ്ട് വിട്ട് ഒരടി മുന്നോട്ട് പോകാൻ അനുവാദമില്ലാതായതോടെ ആനക്കമ്പക്കാരെ സംബന്ധിച്ച് പൂരം കഴിഞ്ഞ വർഷത്തെ തനിയാവർത്തനമാകും.
മോഹഭംഗത്തോടെ വെടിക്കെട്ട് കമ്പക്കാർ
ഭൂരിഭാഗം വെടിക്കെട്ടുകളും ഇല്ലാതായതോടെ വെടിക്കെട്ട് കമ്പക്കാരുടെ ഏക പ്രതീക്ഷയായിരുന്നു തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വെടിക്കെട്ടിനുള്ള അനുമതി നേരത്തെ തന്നെ ലഭിച്ചതോടെ ആഹ്‌ളാദത്തിലായിരുന്നു. ഇന്ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ട് പൂർണ്ണമായി ഉപേക്ഷിച്ച് കഴിഞ്ഞു. പ്രതീകാത്മകമായി ഒരു കുഴിമിന്നൽ മാത്രമാണ് പൊട്ടിക്കുക. വെടിക്കെട്ട് നടത്താൻ തീരുമാനിച്ചാലും കാണിക്കൾക്ക് പ്രവേശനമില്ലാത്തതിനാൽ ആസ്വാദകർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞു.
പ്രതീക്ഷ നഷ്ടപ്പെട്ട് വ്യാപാരികൾ
തൃശൂർ പൂരം നഗരത്തിലെ ചെറുകിട കച്ചവടക്കാർ മുതൽ വൻകിടകച്ചവടക്കാർ വരെയുള്ളവർക്ക് ഏറെ ആശ്വാസമാണ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം പൂരം കവർന്നെടുത്തപ്പോൾ ഇത്തവണയെങ്കിലും അത് മാറി വ്യാപാരം നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പൂരം കണക്കിലെടുത്ത് കൂടുതൽ സ്‌റ്റോക്കെത്തിക്കുകയും പൂരക്കച്ചവടത്തിന് ഒരുക്കം നടത്തുകയും ചെയ്തിരുന്നു.
ആവേശം തണുത്ത് ഘടക ക്ഷേത്രതട്ടകങ്ങൾ
പൂരം കൊടിയേറ്റത്തിന് മുന്നേ ഈ ക്ഷേത്രങ്ങളും അണിഞ്ഞൊരുങ്ങാൻ തുടങ്ങിയിരുന്നു. പ്രൗഢഗംഭീരമായ പൂരം പുറപ്പാടാണ് എട്ടു ക്ഷേത്രങ്ങളിലുമുണ്ടാകാറ്. ആനപ്പൂരവും എഴുന്നള്ളിപ്പുമെല്ലാം കൊണ്ട് സമ്പന്നമായാണ് ദേവീദേവന്മാർ പൂരനഗരിയിലെത്താറ്.