മാള: കണ്ടെയ്ൻമെന്റ് നിയന്ത്രണത്തിലുള്ള കുഴൂർ പഞ്ചായത്തിൽ ഇന്നലെ സംഘടിപ്പിച്ച പരിശോധനാ ക്യാമ്പിലെത്തിയ 100 പേരിൽ 25 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 25 പേരിൽ മൂന്ന് പേർ പുത്തൻചിറ, പൊയ്യ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ്. ഇതോടെ പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82 ആയി. കഴിഞ്ഞ ദിവസം വരെ പോസിറ്റീവ് സ്ഥിരീകരിച്ചവരുടെ എണ്ണം 61 ആയിരുന്നു.
പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിച്ച് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സൂചനയുണ്ട്. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാൽ ആരോഗ്യ വകുപ്പ് കണ്ടെയ്ൻമെന്റ് നിയന്ത്രണം ഒഴിവാക്കാൻ റിപ്പോർട്ട് നൽകിയേക്കും. അതിനാൽ കർശനമായ നിയന്ത്രണങ്ങളാണ് കുഴൂരിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് സ്വീകരിച്ചിട്ടുള്ളത്. ആന്റിജൻ പരിശോധനാ ക്യാമ്പുകൾ വെള്ളിയാഴ്ച വരെ തുടരുന്നുണ്ട്.
ഇന്നലെ ഐരാണിക്കുളം സർക്കാർ ആശുപത്രിയിൽ 1,11,12,13,14 വാർഡുകളിലുള്ളവർക്കാണ് പരിശോധന നടത്തിയത്. ബുധനാഴ്ച കുണ്ടൂർ യു.പി സ്‌കൂളിൽ 7,8,9,10 വാർഡുകളിലുള്ളവർക്കും വ്യാഴാഴ്ച എരവത്തൂർ എ.എൽ.പി സ്‌കൂളിൽ 5,6 വാർഡുകളിലുള്ളവർക്കും കുഴുർ ദർശന ഓഡിറ്റോറിയത്തിൽ 2,3,4 വാർഡിലുള്ളവർക്കും കൊവിഡ് പരിശോധന നടക്കും.