കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര നവീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ ആശങ്കകൾക്കു പരിഹാരം കാണുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ദേവസ്വം അസി.കമ്മീഷണറോഫീസിൽ ഹൈന്ദവ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ഉറപ്പു നൽകിയത്.
ഊട്ടുപുര നവീകരണവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവൃത്തികൾ കൊച്ചിൻ ദേവസ്വം ബോർഡിന്റേയും മുസിരിസ് പദ്ധതിയുടേയും എൻജിനിയർമാർക്കൊപ്പം ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള വിദഗ്ധ എൻജിനിയർമാരും പരിശോധന നടത്തും. അപാകതകൾ കണ്ടെത്തുകയാണെങ്കിൽ പരിഹരിക്കാൻ നടപടിയെടുക്കും.
ഊട്ടുപുര നവീകരണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡും മുസിരിസ് പദ്ധതിയും തമ്മിലേർപ്പെട്ടിട്ടുള്ള ധാരണാ പത്രത്തിൽ ക്ഷേത്രാചാര വിരുദ്ധമായ വ്യവസ്ഥകളുണ്ടെങ്കിൽ അവ നീക്കം ചെയ്യണമെന്ന് ഹൈന്ദവ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭക്തജന പ്രക്ഷോഭം പുനരാരംഭിക്കും. ചർച്ചയുടെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന ദേവസ്വം അസി.കമ്മീഷണർ ഓഫീസ് ഉപരോധം മാറ്റിവെച്ചതായും ഹൈന്ദവ സംഘടനാ ഭാരവാഹികൾ അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് എക്‌സി.എൻജിനിയർ മനോജ്, അസി.എക്‌സി.എൻജിനിയർ സുനിൽ, അസി.കമ്മീഷണർ സുനിൽ കർത്ത, മുസിരിസ് പദ്ധതി എം.ഡി.പി.എം.നൗഷാദ്, അയ്യപ്പസേവാസമാജം ജില്ലാ സമിതിയംഗം സി.എം. ശശീന്ദ്രൻ, അന്നദാനയജ്ഞ സമിതി ജന.സെക്രട്ടറി എം.ബി. ഷാജി, ഖണ്ഡ് കാര്യവാഹ് ടി.ജെ. ജെമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.