mmmm
കെട്ടിയുടമ താഴിട്ട് പൂട്ടിയ അന്തിക്കാട് മാവേലി സ്റ്റോർ ഉച്ചക്ക് ജീവനക്കാരെത്തി തുറക്കുന്നു.

അന്തിക്കാട്: വാടകയിനത്തിൽ കുടിശ്ശിക ബാക്കി കിട്ടാത്തതിനാൽ കെട്ടിടയുടമ മാവേലി സ്റ്റോർ താഴിട്ടുപൂട്ടി. ചൊവ്വാഴ്ച രാവിലെ അന്തിക്കാട്ടെ മാവേലി സ്റ്റോർ തുറക്കാനാകാതെ ജീവനക്കാർ മടങ്ങി. സാധനങ്ങൾ വാങ്ങാൻ വന്നവർ മാവേലി സ്റ്റോർ പൂട്ടികിടക്കുന്നത് കണ്ട് മാദ്ധ്യമപ്രവർത്തകരെ വിവരം അറിയിച്ചു. തുടർന്ന് അന്തിക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് അബ്ബാസ് വീരാവുണ്ണിയുടെ ഇടപെടലിൽ ഉച്ചയോടെ പ്രശ്‌നം താൽകാലികമായി പരിഹരിച്ച് മാവേലി സ്റ്റോർ തുറന്നു.

4050 രൂപയായിരുന്ന മാസവാടക 5400 രൂപയായി പുതുക്കിയ കരാർ പ്രകാരം വർദ്ധിപ്പിച്ചുവെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി വർദ്ധിപ്പിച്ച തുക നൽകാതെ പഴയതുക മാത്രമാണ് സിവിൽ സപ്ലൈക്കോയുടെ തൃശൂർ ഡിപ്പോയിൽനിന്നും കിട്ടുന്നതെന്നും ഇങ്ങിനെ മുന്നോട്ട് പോകാനാകില്ലെന്നും പറഞ്ഞാണ് കെട്ടിട ഉടമ വി.വി മോഹനൻ ചൊവ്വാഴ്ച രാവിലെ ഇരട്ട പൂട്ടിട്ട് പൂട്ടിയത്.

കരാർ പ്രകാരം തുക വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും മാവേലി സ്റ്റോറിനുള്ളിലെ അടിഭാഗം കോൺക്രീറ്റ് ചെയ്ത് ടൈൽസ് ഇട്ടതിന് ശേഷം വർദ്ധിപ്പിച്ച തുക
തരാമെന്ന നിലപാടിലായിരുന്നു സ്ഥലം മാറിപ്പോയ മുൻ ഡിപ്പോ മാനേജർ. ഇത് പറ്റില്ലെന്നും കുടിശ്ശിക ബാക്കി തന്നാൽ 15 ദിവസത്തിനുള്ളിൽ അറ്റകുറ്റപണികൾ ചെയ്യാമെന്ന നിലപാടിൽ കെട്ടിട ഉടമയും നിന്നതോടെ പ്രശ്‌നം പരിഹരിക്കപെടാതെ കിടക്കുകയായിരുന്നു. ഇതിന്റെ ബാക്കിയാണിപ്പോൾ ചൊവ്വാഴ്ച മാവേലി സ്റ്റോർ പൂട്ടിയിടുന്നതിൽ കലാശിച്ചത്. പ്രശ്‌നത്തിൽ ഇടപെട്ട അന്തിക്കാട് പ്രസ് ക്ലബ് പ്രസിഡന്റ് നിലവിലെ തൃശൂർ ഡിപ്പോ മാനേജർ മോഹൻദാസുമായും കെട്ടിട ഉടമ മോഹനനുമായും സംസാരിക്കുകയും വാടക കുടിശിക അടിയന്തരമായി ലഭ്യമാക്കുമെന്ന് ഉറപ്പ് കിട്ടുകയും ചെയ്തതിനെ തുടർന്നാണ് ഉച്ചക്ക് 12 മണിയോടെ മാവേലി സ്റ്റോർ തുറന്ന് പ്രവർത്തനം ആരംഭിച്ചത്.

..............................................

- നിരവധി തവണ ഡിപ്പോ മാനേജരോട് കുടിശ്ശിക നൽകണമെന്ന് ആവശ്യപെട്ടിരുന്നു. ഫലം കാണാത്തതിനാലാണ് ഇത്തരമൊരു പ്രതിഷേധത്തിന് തുനിയേണ്ടിവന്നത്

മോഹനൻ (കെട്ടിട ഉടമ)

......................................................

മാവേലി സ്റ്റോറിനുള്ളിലെ അറ്റകുറ്റപണികൾ ചെയ്തുതരാത്തതിൽ പുതുക്കിയ വാടക കുടിശ്ശിക നൽകിയിരുന്നില്ല. മാത്രമല്ല അമിതവർദ്ധനവാണ് ആവശ്യപ്പെട്ടത്. അതിനാൽ ഹെഡ് ഓഫീസിന്റെ പരിഗണനയ്ക്ക് ഫയൽ അയച്ചിട്ടുണ്ട്. കെട്ടിട ഉടമയുമായി ചർച്ചചെയ്ത് പരിഹരിക്കാൻ ശ്രമിക്കും.

- മോഹൻദാസ് (മാവേലി സ്റ്റോർ ഡിപ്പോ മനേജർ ഇൻചാർജ്ജ്‌)