പുതുക്കാട്: പുതുക്കാട് താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്സിനേഷനായി എത്തുന്നവരുടെ തിക്കും തിരക്കും വർദ്ധിക്കുന്നു. നിയോജക മണ്ഡലത്തിലുള്ളവർക്കും സമീപ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ളവർക്കും കുത്തിവയ്പ് ആരംഭിച്ചതോടെയാണ് തിരക്കേറിയത്.

പുതുക്കാട് പഞ്ചായത്തിൽ നിന്നുള്ള നിരവധിപേരും കുത്തിവയ്പിനായി എത്തുന്നുണ്ട്. കുത്തിവയ്പിനെത്തി ടോക്കൺ എടുക്കാൻ ഒരു വരിയായി നിന്നവരെ രജിസ്റ്റർ ചെയ്തവരെയും രജിസ്റ്റർ ചെയ്യാത്തവരെയും രണ്ടു വരിയാക്കിയതോടെയാണ് തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിഞ്ഞത്. പൊലീസും പഞ്ചായത്ത് അധികൃതരും എറെ പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ച് ജനങ്ങളെ ശാന്തരാക്കിയത്.

തിരക്ക് നിയന്ത്രിക്കാൻ ഇന്ന് മുതൽ ടോക്കൻ സമ്പ്രദായം

പുതുക്കാട്: പുതുക്കാട് താലൂക്ക് ആശുപത്രിയിൽ വാക്സിനേഷന് എത്തുന്നവർക്ക് ഇന്ന് മുതൽ ടോക്കൺ സംവിധാനം. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ രജിസ്റ്റർ ചെയ്തുവരുന്ന പുതുക്കാട് പഞ്ചായത്തിന് പുറത്തു നിന്നുള്ളവർക്കും ഒന്നിന് ശേഷം പഞ്ചായത്തിൽ ഉള്ളവർക്കുമായി സമയം ക്രമീകരിച്ചു. പഞ്ചായത്തിലുള്ളവർക്ക് ആശാ വർക്കർമാർ വഴി ടോക്കൺ നൽകും. ഈ ടോകണുമായി ആശുപത്രിയിൽ എത്തി രജിസ്റ്റർ ചെയ്ത് കുത്തിവയ്പെടുക്കാം. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് വിളിച്ചു ചേർത്ത യോഗത്തിൽ ആശുപത്രി സൂപ്രണ്ട്, പുതുക്കാട് പൊലീസ് എസ്.ഐ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.