വടക്കാഞ്ചേരി: പൂരങ്ങളുടെ പൂരത്തിന് വെടിക്കെട്ടാരവം തീർക്കുന്നത് പഞ്ചായത്ത് മെമ്പർ. മികച്ച വെടിക്കെട്ടുകലാകാരൻ കൂടിയായ കുണ്ടന്നൂർ സ്വദേശി പന്തലങ്ങാട്ട് വീട്ടിൽ സജി (44) ആണ് ഇക്കുറി തൃശൂർ പൂരത്തിന് വെടിക്കെട്ട് ഒരുക്കുന്നത്. എരുമപ്പെട്ടി പഞ്ചായത്ത് അംഗം കൂടിയാണ് സജി.
വാനിൽ വർണ വിസ്മയം തീർക്കുന്ന വെടിക്കെട്ട് പ്രയോഗത്തിൽ സജിക്ക് വർഷങ്ങളുടെ പാരമ്പര്യമുണ്ട്. തൃശൂർ പൂരത്തിന് തിരുവമ്പാടി ദേശത്തിനു വേണ്ടി മുൻകാലങ്ങളിൽ ഇരുപതോളം തവണ കരിമരുന്നു പ്രയോഗം നടത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷം ഉത്സവങ്ങളുടെ വെടിക്കെട്ടിന് വിലക്ക് ഏർപ്പെടുത്തിയതോടെ സജി സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
തിരുവമ്പാടിക്കായി ഇക്കുറി കരിമരുന്നിന്റെ ദ്യശ്യവിസ്മയം ഒരുക്കാൻ കഴിയുന്നതിന്റെ ആഹ്‌ളാദത്തിലാണ് ഈ ജനപ്രതിനിധി. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങൾക്കു വേണ്ടിയും പാരമ്പര്യ തൊഴിൽ ചെയ്തുവരുന്ന സജിയും കൂട്ടരും കരിമരുന്ന് വിസ്മയം ഒരുക്കിയിരുന്നു.
പ്രസിദ്ധമായ വേലൂർ സെന്റ് ഫ്രാൻസിസ് ദേവാലയം , പാവറട്ടി സെന്റ് ജോസഫ് ചർച്ച്, കുറ്റിയങ്കാവ്, തിരുവില്വാമല പറക്കോട്ടുകാവ് ക്ഷേത്രം എന്നീ ഉത്സവങ്ങൾക്കും സജി വെടിക്കെട്ടുകാരന്റെ റോളിലുണ്ടായിരുന്നു. ശ്രീകൃഷ്ണ ഫയർ വർക്‌സ് എന്ന സംവിധാനത്തിനു കീഴിൽ സീസൺ കാലയളവിൽ 60 ഓളം തൊഴിലാളികൾക്ക് സ്ഥിരമായി ജോലിയും നൽകി വരുന്നുണ്ട് സജി. കുണ്ടന്നൂരിലാണ് വെടിക്കെട്ടു നിർമാണശാല പ്രവർത്തിച്ചു വരുന്നത്.
ഉത്സവകാലമായാൽ നെഞ്ചിനുള്ളിൽ മുഴുവൻ വെടിക്കെട്ടിന്റെ പ്രകമ്പനമാണെന്നാണ് ജനപ്രതിനിധി കൂടിയായ ഈ വെടിക്കെട്ട് കലാകാരൻ പറയുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എരുമപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡായ മുട്ടിക്കലിൽ നിന്നാണ് സജി ജയിച്ച് പഞ്ചായത്ത് ഭരണസമിതിയിലെത്തിയത്.