വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു, ആദിവാസികൾക്കും രോഗം
ചാലക്കുടി: ആശങ്ക പരത്തി ചാലക്കുടി മേഖലയിൽ കൊവിഡ് വ്യാപനം തുടരുന്നു. കൊടകര പഞ്ചായത്തിലെ ഉൾപ്പെടെ ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 198 ആയി. കൊവിഡ്പരിശോധനാഫലം വന്നു തുടങ്ങിയതു മുതലുള്ള ഏറ്റവും കൂടുതൽ വലിയ സംഖ്യയാണിത്.
മേലൂർ പഞ്ചായത്തിൽ 63 പുതിയ രോഗികളെ കണ്ടെത്തി. പഞ്ചായത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണ്. അടുത്ത ദിവസം പഞ്ചായത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. രോഗ തീവ്രത കൂടിയ പൂലാനി കുറുപ്പം കണ്ടെയ്‌ൻമെന്‌റ് സോണാക്കും.
ആദിവാസി കോളനിയിലേക്കും ഇതാദ്യമായി കൊവിഡ് ബാധയെത്തി. നഗരസഭയിൽ മാത്രം 34 പുതിയ വൈറസ് ബാധിതരെ കണ്ടെത്തി. കോടശേരി, കൊരട്ടി പഞ്ചായത്തുകളിലും 22 വീതം കൊവിഡ് രോഗികളുണ്ട്. കാടുകുറ്റിയിൽ 17ഉം കൊടകരയിൽ പത്തുമാണ് വൈറസ് ബാധിതരുടെ എണ്ണം. പരിയാരം - 11, അതിരപ്പിള്ളി- 1 എന്നീ ക്രമത്തിലാണ് മറ്റു പഞ്ചായത്തുകളിലെ കണക്കുകൾ. ഇതിനു പുറമെ വാഴച്ചാൽ ആദിവാസി കോളനിയിൽ 15 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
അതിരപ്പിള്ളി രണ്ടാഴ്ച അടയ്ക്കും
കൊവിഡ് വ്യാപനം കൂടുന്നതിനാൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടും. 2021 മേയ് 4 വരെ തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. വിനോദ സഞ്ചാരികളെ വെറ്റിലപ്പാറ പാലത്തിന് സമീപമുള്ള താത്കാലിക ചെക്ക്‌പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക് ചെയ്തവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും. ചൊവ്വാഴ്ച അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കൊവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
കടുത്ത നിയന്ത്രണം
നഗരത്തിലും പഞ്ചായത്തുകളിലും കടുത്ത നിയന്ത്രണങ്ങളുമായി തദ്ദേശ സ്ഥാപനങ്ങൾ. കടകളിൽ ആളുകളെ നിയന്ത്രിക്കൽ, സമൂഹ അകലം പാലിക്കൽ, പൊതു പരിപാടികൾ ഒഴിവാക്കൽ തുടങ്ങിയവയാണ് പ്രധാന തീരുമാനങ്ങൾ. കൂട്ടും കൂടന്നവരെയും മാസ്‌ക് ധരിക്കാത്തവരെയും കണ്ടെത്തി പൊലീസ് പിഴ ഈടാക്കുന്നുണ്ട്.
മേലൂരിൽ പ്രതിരോധം കടുപ്പിക്കും
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കർശന നടപടികൾ സ്വീകരിച്ച് മേലൂർ പഞ്ചായത്ത്. ഏപ്രിൽ 30 വരെ പൊതു പരിപാടികൾ വിലക്കാൻ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. വിവാഹം, മരണം എന്നീ ചടങ്ങുകൾ നിബന്ധനകൾക്ക് വിധേയമായി പരിഗണന നൽകും. കച്ചവട സ്ഥാപനങ്ങളിൽ ഒരേ സമയം അഞ്ച് പേരിൽ കൂടുതൽ അനുവദിക്കില്ല. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമാക്കും. പൊതുജനങ്ങളുമായി നിരന്തരം ഇടപെടുന്ന ഡ്രൈവർമാർ, ജീവനക്കാർ എന്നിവർക്ക് അടിയന്തരമായി കൊവിഡ് പരിശോധ നടത്താനും തീരുമാനമായി. വൈസ് പ്രസിഡന്റ് പി.ഒ. പോളി എന്നിവർ സംസാരിച്ചു.