ചാലക്കുടി: ദീർഘായുസില്ലാതെ എലിഞ്ഞിപ്ര ജംഗ്ഷനിലെ ഗതാഗത കണ്ണാടി. വാഹനാപകടങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച റിവേഴ്‌സ് മിററാണ് ഇതിനകം രണ്ടുവട്ടം സാമൂഹിക വിരുദ്ധർ എറിഞ്ഞുടച്ചത്. അഞ്ചു വർഷം മുമ്പ് ജെനീഷ് പി. ജോസ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വേളയിലാണ് ഇവിടെ റിവേഴ്‌സ് മിറർ സ്ഥാപിച്ചത്.

കാഞ്ഞിരപ്പിള്ളിയിലെ ഡ്രീം വേൾഡ് വാട്ടർ തീം പാർക്കിന്റെ സഹകരണത്തോടെ ഒരുക്കിയ ഗതാഗത കണ്ണാടിയുടെ ഉദ്ഘാടനം ബി.ഡി. ദേവസി എം.എൽ.എയായിരുന്നു നിർവഹിച്ചത്. വാഹന യാത്രക്കാർക്ക് ഏറെ അനുഗ്രഹമായിരുന്നു കണ്ണാടി. ചാലക്കുടിയിൽ നിന്നും പോട്ടയിൽ നിന്നുമെല്ലാം അതിരപ്പിള്ളിയിലേക്ക് പോകുന്ന വാഹനങ്ങൾ സന്ധിക്കുന്നത് എലിഞ്ഞിപ്രയിൽ വച്ചാണ്.

ഇതിനു പുറമെ അതിരപ്പിള്ളിയിൽ നിന്നും തിരിച്ചുള്ളവരുടെ വരവും ജംഗ്ഷനിൽ ഗതാഗത പ്രശ്‌നം സൃഷ്ടിക്കുമായിരുന്നു. ഇതിനൊരു പരിഹാരമായാണ് കണ്ണാടി വച്ചത്. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോൾ ആരോ ഇതു കല്ലെറിഞ്ഞു തകർത്തു. മാസങ്ങൾക്ക് ശേഷം വീണ്ടും മറ്റൊന്ന് സ്ഥാപിച്ചു. രണ്ടുവർഷം പിന്നിട്ടപ്പോൾ വീണ്ടും എറിഞ്ഞുടച്ചു. പിന്നീട് കണ്ണാടി പുനഃസ്ഥാപിക്കാൻ ആരും ശ്രമിച്ചില്ല.

വാഹനങ്ങളുടെ പോക്കുവരവ് പഴയ അവസ്ഥയിലായതോടെ നിരവധി അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. കൊവിഡ് വ്യാപനവും തിരഞ്ഞെടുപ്പുകളുമെല്ലാം റിവേഴ്‌സ് മിറർ പുനഃസ്ഥാപിക്കുന്നതിന് ഇതിനകം തടസമായി മാറി.