ചാലക്കുടി: ദേശീയപാതയിൽ പോട്ട മേൽപ്പാലത്തിലെ പൈപ്പുകൾ ചോരുന്നതിനാൽ കാൽനട യാത്രക്കാർക്കും മറ്റും ദുരിതം. മുകളിലുള്ള റോഡിൽ പെയ്യുന്ന മഴവെള്ളം പി.വി.സി പൈപ്പുകളിലൂടെ താഴേക്ക ഒഴുക്കുന്ന സംവിധാനമാണ് തകരാറിലായത്. കാലപ്പഴക്കം മൂലം പൈപ്പുകൾ പലയിടത്തും പൊളിഞ്ഞിട്ടുണ്ട്.
പൈപ്പുകളെ ഉറപ്പിക്കുന്ന ക്ലാമ്പുകളും ഇളകിപ്പോയിട്ടുണ്ട്. ഇതോടെ മുകളിൽ നിന്നും വെള്ളമെല്ലാം ഒന്നിച്ചു താഴേക്ക് പതിക്കുകയാണ്. മഴയുടെ തോത് അനുസരിച്ച് പലയിടത്തും മാറിമാറിയാണ് വെള്ളം പതിക്കുന്നത്. യാത്രക്കാർക്ക് ഇതു വലിയ ദുരിതം ഉണ്ടാക്കുന്നുണ്ട്.
കനത്ത മഴയുള്ളപ്പോൾ സാഹസികമായി മാത്രമേ പാലത്തിനടിയിലൂടെയും സർവീസ് റോഡുകളിലൂടെയും യാത്ര ചെയ്യാനാകൂ. ദേശീയ പാതയുടെ ഡ്രെയിനേജ് സംവിധാനത്തിലെ അപാകതകളുടെ പൂർണ ഉത്തരവാദിത്വം കരാർ കമ്പനിക്കാണ്. യാഥാസമയം അറ്റകുറ്റപ്പണി നടത്താതാണ് പോട്ടയിലെ ദുരവസ്ഥയ്ക്ക് കാരണം.
പലതവണ പരാതിപ്പെട്ടെങ്കിലും അധികൃതർ ഗൗരവമായി എടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഏതാനും മണിക്കൂറിൽ ചെയ്തു തീർക്കാവുന്ന ജോലി മാത്രമാണ് പ്രശ്‌ന പരിഹാരത്തിന് ആവശ്യമുള്ളൂ. എന്നാൽ ഇതിന് കരാർ കമ്പനി വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നത് പ്രകടമാണ്.