തൃശൂർ: കൊവിഡ് പ്രതിരോധത്തിന് വാർഡ് തല ആരോഗ്യസേന ശക്തിപ്പെടുത്താൻ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദ്ദേശം നൽകി. കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ നാല് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു നിർദ്ദേശം. കെ.കെ ശൈലജ ടീച്ചർ, എ.സി മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, വി.എസ് സുനിൽകുമാർ എന്നിവരാണ് പങ്കെടുത്തത്. കൊവിഡ്, കൊവിഡ് ഇതര ചികിത്സയ്ക്ക് ഒരുപോലെ ഊന്നൽ നൽകണം. പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബോധവത്കരണം ശക്തിപ്പെടുത്തണം. ഗുരുതര കൊവിഡ് രോഗികളെ ചികിത്സിക്കാൻ മെഡിക്കൽ കോളേജിൽ മതിയായ സൗകര്യം ഒരുക്കണം. ജില്ലാ, താലൂക്ക് ആശുപത്രികളിൽ ഐ.സി.യു കിടക്കകളും ഓക്സിജനും ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കളക്ടർ എസ്. ഷാനവാസ്, കോർപറേഷൻ മേയർ എം.കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, ഡി.എം.ഒ ഡോ. കെ.ജെ റീന തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് പ്രധാന നിർദ്ദേശങ്ങൾ
കണ്ടെയ്ൻമെന്റ് സോണുകളിൽ കടകൾ അനുവദിക്കില്ല: കളക്ടർ
തൃശൂർ: കണ്ടെയ്ൻമെന്റ് സോണുകൾ, 144 പ്രഖ്യാപിച്ച സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കടകൾ, മാർക്കറ്റ് എന്നിവ തുറക്കാൻ അനുവാദമില്ലെന്ന് കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥരുമായി കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ഇടറോഡുകൾ ഉൾപ്പെടെ എല്ലാ വഴികളും അടയ്ക്കാനും പൊലീസിന് നിർദ്ദേശം നൽകി. ബീച്ചുകൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ഡി.എം.സി സെന്ററുകൾ എന്നിവ താത്കാലികമായി അടയ്ക്കും. റെയിൽവേ സ്റ്റേഷനിൽ കൊവിഡ് പരിശോധനയ്ക്കായി പ്രത്യേക ടീം രൂപീകരിക്കും.
രാത്രികാലങ്ങളിലെ കർഫ്യൂ ശക്തമാക്കും. മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാത്ത കടകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. സെക്ടറൽ മജിസ്ട്രേറ്റുമാർ, പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരെ നിയമ ലംഘനം തടയുന്നതിനും നിരീക്ഷണത്തിനുമായി ചുമതലപ്പെടുത്തി. പഞ്ചായത്ത്, മുൻസിപ്പാലിറ്റി തലത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് ആർ.ആർ.ടി രൂപീകരിക്കാനും ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് എന്നിവരുടെ സേവനം ഉപയോഗിക്കും. ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ, റൂറൽ എസ്.പി ജി. പൂങ്കുഴലി, കോർപറേഷൻ സെക്രട്ടറി, ഡി.പി.എം, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.