പാവറട്ടി: ഒളപ്പമണ്ണ മന ദേവി പ്രസാദം ട്രസ്റ്റിന്റെ സംസ്‌കൃത പണ്ഡിതനുളള പുരസ്‌കാരം ഡോ. മുരളി മാധവന് ഒളപ്പമണ്ണ ഒ.വി. നാരായണൻ സമ്മാനിച്ചു. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മുരളി മാധവന്റെ അയ്യന്തോളിലെ വസതിയിൽ നടന്ന സമ്മേളനത്തിൽ വച്ചാണ് സമ്മാനിച്ചത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന സമ്മേളനം ഡോ. പി.വി. കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഡോ. പി.വി. രാമൻകുട്ടി അദ്ധ്യക്ഷനായി. സംസ്‌കൃത അക്കാഡമി ചെയർമാൻ ഡോ. കെ.ടി. മാധവൻ മുഖ്യാതിഥിയായി. ഒളപ്പമണ്ണ രവി കീർത്തി പത്രം വായിച്ചു. നവനീത് നാരായണൻ അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു.

ബ്രഹ്മസ്വം മഠം ചെയർമാൻ അഡ്വ. പാഴൂർ പരമേശ്വരൻ, വേദഗവേഷണ കേന്ദ്രം ചെയർമാൻ വടക്കുമ്പാട്ട് നാരായണൻ, കലാമണ്ഡലം ഡയറക്ടർ വി.കെ. വിജയൻ എന്നിവർ ആശംസകൾ നേർന്നു. കേന്ദ്ര സംസ്‌കൃത സർവകലാശാല പാവറട്ടി കേന്ദ്രം ഡയറക്ടർ ഡോ. ഇ.ആർ. നാരായണൻ സ്വാഗതവും ഒളപ്പമണ്ണയുടെ മകൻ ഒ.എം. ഹരി നന്ദിയും പറഞ്ഞു.