പാവറട്ടി : മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ 9, 10, 11, 13, 14 വാർഡുകൾ ജില്ലാ കളക്ടർ കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. ഈ വാർഡുകളിൽ ആളുകൾ കൂട്ടം കൂടുകയോ അനാവശ്യമായി പുറത്തിറങ്ങുകയോ ചെയ്യരുത്. മെഡിക്കൽ ആവശ്യങ്ങൾക്ക് ഒഴികെയുള്ളവരുടെ സഞ്ചാരം കണ്ടെയ്‌മെന്റ് സോണുകളിൽ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്.

പ്രദേശത്തെ അവശ്യസാധനങ്ങൾ വിൽക്കുന്ന പലചരക്ക്, പച്ചക്കറി, റേഷൻ കട, മെഡിക്കൽ ഷോപ്പ് എന്നിവ മാത്രമേ തുറന്നു പ്രവർത്തിക്കൂ. പ്രത്യേക സാഹചര്യം മനസ്സിലാക്കി കൊവിഡ് വ്യാപനം തടയിടാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റും ആരോഗ്യ വകുപ്പും പാവറട്ടി പൊലീസും അഭ്യർത്ഥിച്ചു.

കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് പുറത്തു പോകുന്നതും കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് പ്രവേശിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ലംഘിക്കാൻ പ്രേരിപ്പിക്കുന്നവർക്കെതിരെയും ദുരന്ത നിവാരണ നിയമപ്രകാരമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.