samble

തൃശൂർ : ശിവപുരിയുടെ ആകാശമേലാപ്പിൽ വർണ്ണങ്ങളുടെ ഇന്ദ്രജാലം വിതറുന്ന സാമ്പിൾ വെടിക്കെട്ട് ഇത്തവണ 'സാമ്പിൾ" മാത്രമായി ചുരുങ്ങും. കൊവിഡ് വ്യാപനത്തെ തുടർന്ന് ജനങ്ങളെ ഒഴിവാക്കാൻ തീരുമാനിച്ചതോടെ സാമ്പിൾ വെടിക്കെട്ട് ഉപേക്ഷിക്കാൻ ഇരു ദേവസ്വങ്ങളും തീരുമാനിക്കുകയായിരുന്നു. എന്നാൽ, വൈകിട്ട് എഴിന് പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ ഓരോ കുഴിമിന്നൽ പൊട്ടിച്ചു സാമ്പിൾ നടത്തും.

സാമ്പിൾ വെടിക്കെട്ടിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇതിനിടയിലാണ് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായതും പൂരം ചടങ്ങുകളിൽ ഒതുക്കാൻ തീരുമാനിച്ചതും. പൂരം വെടിക്കെട്ട് സംബന്ധിച്ചു അന്തിമ തീരുമാനം ആയിട്ടില്ല. വെടിക്കെട്ട് കോപ്പുകൾ എല്ലാം തന്നെ നിർമ്മിച്ചു കഴിഞ്ഞതിനാൽ അത് നിർവീര്യമാക്കേണ്ടതുണ്ട്. പകരം കാണികൾ ഇല്ലെങ്കിലും വെടിക്കെട്ട് നടത്താനുള്ള നീക്കമാണ് ദേവസ്വങ്ങൾ നടത്തുന്നത്. നാളെ രാവിലെ പൂര വിളംബരം അറിയിച്ചു നെയ്തലക്കാവിലമ്മ തെക്കേ ഗോപുര നട തുറക്കാനെത്തുന്നത്തോടെ പൂരച്ചടങ്ങുകൾക്ക് തുടക്കമാകും. തിരുവമ്പാടി വിഭാഗം ഒരാനയോടെ ആണ് ചടങ്ങുകൾ നടത്തുന്നത്. എന്നാൽ, പാറമേക്കാവ് വിഭാഗം വിട്ടുവീഴ്ചകൾക്ക് തയ്യാറായിട്ടില്ല.15 ആനകളോടെ തന്നെ എഴുന്നള്ളിപ്പ് നടത്താനാണ് തീരുമാനം.

പൂര നാളിൽ ഉച്ചക്ക് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോൾ 20 സെറ്റ് കുടമാറ്റം നടത്താനും തീരുമാനമുണ്ട്. ഘടകപൂരങ്ങൾ എല്ലാം തന്നെ ഒരാനയുമായി പരമാവധി അമ്പത് പേരുമായി പൂരത്തിൽ പങ്കെടുക്കാനാണ് തീരുമാനം.