jilla

തൃശൂർ: കൊവിഡ് വ്യാപനത്തിനിടയാക്കുമെന്ന ആരോഗ്യവകുപ്പിന്റെ ആശങ്കകളെ ശരിവെച്ച് പൂരം പ്രദർശന നഗരിയിൽ കൊവിഡ് വ്യാപനം. പ്രദർശന നഗരിയിലെ 18 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പൂരം കഴിയുന്നത് വരെ പ്രദർശനം നിർത്തിവെച്ചിരിക്കുകയാണ്. രാത്രി കർഫ്യൂ പരിശോധിക്കാൻ കളക്ടറും രംഗത്ത്. ഇന്നലെ രാത്രി ഏറെ നേരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കളക്ടർ എസ്. ഷാനവാസ്‌ സന്ദർശിച്ചു. സ്വരാജ് റൗണ്ട്, കെഎസ്. ആർ. ടി. സി ബസ് സ്റ്റാൻഡ്, മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ കളക്ടർ എത്തി നിർദ്ദേശങ്ങൾ നൽകി.

പ്രദർശന നഗരിയിലേക്ക് പ്രവേശനത്തിന് നിയന്ത്രണം വേണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ടിക്കറ്റുകൾ ഓൺലൈൻ മുഖേന മാത്രമേ പാടുള്ളൂവെന്നും ഒരേ സമയം 200 പേർക്ക് മാത്രമായി ചുരുക്കണമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ തീരുമാനത്തിനെതിരെ ദേവസ്വങ്ങൾ എതിർപ്പുമായി രംഗത്തെത്തിയതോടെ സർക്കാർ നിർദ്ദേശങ്ങൾ പിൻവലിച്ച് നിയന്ത്രണങ്ങളില്ലാതെ തന്നെ ആളുകൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചു. ആശങ്ക പങ്കുവെച്ച ഡി.എം.ഒയെ ദേവസ്വങ്ങൾ പൂരം തകർക്കാനുള്ള ഗൂഢാലോചനയാണെന്നും അധിക്ഷേപിച്ചതും വലിയ ചർച്ചക്കിടയാക്കിയിരുന്നു. കൊവിഡ് ആശങ്കയിൽ പ്രദർശന നഗരിയിലേക്ക് സന്ദർശകർ അധികമെത്തുന്നില്ലാത്തതാണ് ഇപ്പോഴത്തെ ആശ്വാസം. കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ മാത്രം അയ്യായിരത്തോളം പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 18 നു 1750 നും മുകളിലും ഇന്നലെ 1868 വരെ എത്തിയിരുന്നു.

നാളെ മുതൽ 23 വരെ തൃശൂർ നഗരത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. 22നും 23നും ആശുപത്രികൾ മാത്രമേ പ്രവർത്തിക്കൂ. സ്വരാജ് റൗണ്ടിലേക്കുള്ള 18 വഴികളും അടയ്ക്കും. എട്ട് വഴികളിലൂടെ മാത്രമായിരിക്കും സംഘാടകർക്ക് പ്രവേശനം. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ പ്രദേശത്ത് 2000 പോലീസുകാരെ വിന്യസിക്കുമെന്നും കമ്മീഷ്ണർ അറിയിച്ചു.