തൃശൂർ: മേളവാദ്യക്കാരും നിശ്ചിതഎണ്ണം ആനകളും കുടകളും പൂരപ്പന്തലും വെടിക്കെട്ടുമായി പൂരപ്പറമ്പിലെ അരങ്ങ് ഉണരാൻ ഇനി മണിക്കൂറുകൾ മാത്രം. പൂരത്തെ പൂരമാക്കുന്ന ജനലക്ഷങ്ങൾ ഇക്കുറി വീടുകളിലെ ടെലിവിഷനുകളിലും മൊബൈലുകളിലുമായി ആവേശം പങ്കിടും. വാദ്യങ്ങളുടെ ചെറിയൊരു അകമ്പടിയോടെ കുറച്ചു സമയം മാത്രമാകും കുടകൾ മാറി മാറി ഉയരുന്നത്. ആ കാഴ്ചയ്ക്ക് സംഘാടകരുടെ ആർപ്പു വിളി മാത്രമാകും അകമ്പടി. തിരുവമ്പാടി ഒരാനപ്പുറത്ത് തെക്കോട്ടിറങ്ങി ചടങ്ങുമാത്രം നടത്തി മടങ്ങും. പുലർച്ചെ വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെന്നല്ല, റോഡുകളായ റോഡുകളിലെല്ലാം വിജനതയാകും. പകൽപ്പൂരത്തിനും പൂരം വിട ചൊല്ലി പിരിയുമ്പോഴും സംഘാടകർ മാത്രമാകും ആവേശത്തോടെ നിലകൊളളുക. പൊരിയും ഹൽവയുമെല്ലാമായി കച്ചവടക്കാർ രണ്ടാഴ്ച മുൻപേ തൃശൂരിൻ്റെ പരിസരപ്രദേശങ്ങളിലെത്തിയിരുന്നു. എന്നാൽ അവരും പൂരദിവസങ്ങളിൽ സ്ഥലം വിടേണ്ടി വരും.
കൊവിഡ് കാരണം നിറുത്തിവച്ചതിനാൽ പൂരം പ്രദർശന നഗരിയിൽ ആരുമില്ല. പൂരപ്പറമ്പിലേക്ക് മാത്രമല്ല, സ്വരാജ് റൗണ്ടിന്റെ പരിസരത്തേക്കുപോലും പൂരനാളുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ദേവസ്വങ്ങൾ, ഘടകക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ സംഘാടകർക്കും ക്ഷേത്രം ജീവനക്കാർക്കും വാദ്യക്കാർക്കും പാപ്പാന്മാർക്കും പാസ് മുഖേന പ്രവേശനമുണ്ടാകും. പൂരം ഡ്യൂട്ടി ലഭിച്ച സർക്കാർ ഉദ്യോഗസ്ഥർ, മാദ്ധ്യമപ്രവർത്തകർ എന്നിവർക്കും പ്രവേശിക്കാം.
തലയുയർത്തി പന്തലുകൾ
പാറമേക്കാവിന്റെ മണികണ്ഠനാൽ പന്തൽ മുകളിലെ മകുടം കൂടി ചാർത്തി ചന്തം പരത്തുന്നുണ്ട്. ക്ഷേത്ര മാതൃകയിലുള്ള പന്തലാണ് ഉയർത്തിയത്. നടുവിലാലിലും നായ്ക്കനാലിലും അവസാനവട്ട ഒരുക്കങ്ങളിലാണ് പന്തൽ പണിക്കാർ. വടക്കുന്നാഥന്റെ പടിഞ്ഞാറെ നടയ്ക്കു സമീപം സാമ്പിൾ വെടിക്കെട്ടിനുള്ള കുഴികളെടുത്തു തുടങ്ങിയപ്പോഴായിരുന്നു ഓരോ കുഴിമിന്നലിൽ ഒതുക്കാൻ തീരുമാനിച്ചത്. അതോടെ കുഴിയെടുപ്പ് നിറുത്തി. ഇന്നർ ഫുട്പാത്തുകളിൽ ബാരിക്കേഡ് കെട്ടി സുരക്ഷയൊരുക്കിയിട്ടുണ്ട്.
നാലാം വട്ടവും...
പൂത്തുലയുന്ന പൂരം സ്വപ്‌നം കണ്ട പൂരാസ്വാദകർക്ക് ഇത്തവണയും നിരാശയാണെങ്കിലും പ്രതീക്ഷകളാണ് അവരെ നയിക്കുന്നത്. ഇനിയും പൂരം പൂത്തുലയുമെന്ന പ്രത്യാശയിലാണവർ. രണ്ടു വർഷം അടുപ്പിച്ച് പൂരം ചടങ്ങുകളിൽ ഒതുങ്ങിയത് 1962ലും 63ലുമായിരുന്നു. പൂരം പ്രദർശനകമ്മിറ്റിയിൽ നിന്നു പണം ലഭിക്കാത്തതിനാലും വിലവർദ്ധനയും കാരണമാണ് 1962ൽ പൂരം ചടങ്ങായത്. അടുത്തവർഷം ഇന്ത്യ– ചൈന യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധിയാണ് പൂരം ചടങ്ങുകളിലൊതുങ്ങാൻ കാരണം. കൊവിഡ് വ്യാപനം തുടങ്ങിയതോടെ കഴിഞ്ഞ വർഷവും മുടങ്ങി. തുടർച്ചയായി പൂരം നിലയ്ക്കുമ്പോൾ സാമ്പത്തികപ്രതിസന്ധിയിലായത് കുറേ ജീവിതങ്ങളാണ്.