മാള: പാമ്പുകടിയേറ്റ് മൂന്ന് വയസുകാരി മരിച്ച പ്രദേശത്തെ കുറ്റിക്കാടുകൾ നിരവധി കുടുംബങ്ങൾ ഭീഷണി ഉയർത്തുന്നതായി പരാതി. കൃഷ്ണൻകോട്ടയിലെ കാട് കയറിക്കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനിടയിലെ വീടുകളിൽ കഴിയുന്നവരാണ് ഒരു മാസമായി ഭീതിയിൽ കഴിയുന്നത്. പാറേക്കാട്ട് ജോസിന്റെ മകൾ ലയയുടെ മൂന്ന് വയസുള്ള മകളാണ് മാർച്ച് 24ന് വീട്ടുമുറ്റത്ത് വച്ച് പാമ്പുകടിയേറ്റ് മരിച്ചത്.
. ഇവിടെ നിന്നാണ് ഉഗ്രവിഷമുള്ള പാമ്പ് വീട്ടുമുറ്റത്ത് എത്തിയതെന്നും പലപ്പോഴും പരിസരത്ത് ഇത്തരത്തിലുള്ള പാമ്പുകളെ കാണാറുണ്ടെന്നും ജോസ് പറഞ്ഞു. കുറ്റിക്കാടുകൾ നീക്കം ചെയ്ത് ശുചീകരണം നടത്തണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ്, മാള പൊലീസ്, പൊയ്യ പഞ്ചായത്ത്, റവന്യു വകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വാർഡ് മെമ്പർ അടക്കമുള്ളവർ നേരിട്ട് ആവശ്യപ്പെട്ടിട്ടും സ്ഥലം ഉടമ ശുചീകരണം നടത്താൻ തയ്യാറായിട്ടില്ല. നിരവധി കുട്ടികളാണ് ഇവിടത്തെ വീടുകളിലുള്ളത്. ഭീതിയിൽ കഴിയുന്ന പരിസരവാസികൾ ഒപ്പിട്ട പരാതികളാണ് അധികൃതർക്ക് നൽകിയിട്ടുള്ളത്. കുറ്റിക്കാടുകൾക്കിടയിൽ പാമ്പുകളെ പേടിച്ച് ജീവിക്കുന്ന ഇവർക്ക് മുന്നിൽ ഏത് നിയമം കനിയുമെന്നുള്ള ചോദ്യമാണ് ഉയരുന്നത്. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാദ്ധ്യതയുള്ളവർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇവർക്ക് അറിയേണ്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലമായാലും അപകടം ഉണ്ടായേക്കാവുന്ന സാഹചര്യം ഉണ്ടെങ്കിൽ പൊലീസിനും പഞ്ചായത്തിനും ഇടപെടാൻ കഴിയുമെന്നാണ് പരാതിക്കാർ വാദിക്കുന്നത്.