തൃശൂർ: പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെയും ഘടകപൂരങ്ങളുടെയും ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകളെ മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥർ ആരോഗ്യ പരിശോധന നടത്തി സാക്ഷ്യപത്രം നൽകും. ഇതിനായി തൃശൂർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഉഷാ റാണിയുടെ നേതൃത്വത്തിൽ 30 അംഗ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആനയുടെ ആരോഗ്യം, എഴുന്നള്ളിപ്പുകളിൽ പങ്കെടുത്തുള്ള പരിചയം, പൊതു സ്വഭാവം എന്നിവ വിലയിരുത്തി അതത് ദേവസ്വങ്ങൾ സമർപ്പിച്ച ആനകളുടെ ലിസ്റ്റിന് അനുമതി നൽകും. കൂടാതെ പൂര ദിവസങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സേവനം ഉറപ്പാക്കുന്നതിന് ആന ചികിത്സകരും മയക്കുവെടി വിദഗ്ദ്ധരും അടങ്ങിയ കർമസേന പ്രവർത്തന സജ്ജമാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബേബി ജോസഫ് അറിയിച്ചു.