ചാവക്കാട്: പുന്നയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പൊതുശ്മശാനം നവീകരിക്കാൻ ഒരുങ്ങുന്നു. ആദ്യപടിയായി കാടുകൾ വെട്ടിത്തെളിച്ച് ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചു. സ്ഥലപരിമതി മൂലം ബുദ്ധിമുട്ടുന്ന പുന്നയൂർ പഞ്ചായത്തിലെ ഭൂരിഭാഗം പേരുടെയും ഏറെക്കാലമായുള്ള ആവശ്യമാണ് വാതകശ്മശാനം. യു.ഡി.എഫിൽ നിന്നും ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനവും ഇതായിരുന്നു. ആദ്യ ബഡ്ജറ്റിൽ 40 ലക്ഷം രൂപ ഇതിനായി വകയിരുത്തുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഭരണസമിതി 10 ലക്ഷം രൂപ കോസ്റ്റ് ഫോർഡിന് നൽകി നവീകരിക്കാൻ ശ്രമം തുടങ്ങുകയും നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പണികൾ നിറുത്തി വെക്കുകയാണ് ഉണ്ടായത്. തുടർന്നു വന്ന പുതിയ ഭരണസമിതി ആധുനികരീതിയിലുള്ളതും പുക വെള്ളത്താൽ ശുദ്ധീകരിക്കുന്നതുമായ വാതക ശ്മശാനം നിർമ്മിക്കുവാനുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. അതിനാൽ എതിർപ്പിന് സാധ്യതയില്ലെന്നാണ് കരുതുന്നത്. ഈ വർഷം തന്നെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാണ് തീരുമാനം എന്നും പ്രദേശവാസികളുമായി ചർച്ച നടത്തിയാകും നിർമാണ പ്രവർത്തനം തുടങ്ങുകയെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ പറഞ്ഞു. കാടുപിടിച്ചുകിടക്കുന്ന ശ്മശാനത്തിൽ പഞ്ചായത്ത് പോലും അറിയാതെയാണ് ഇപ്പോൾ മൃതദേഹം മറവു ചെയ്യുന്നത്. ഇതാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്നത്. ഇതിന് പരിഹാരം കാണണം. ഈ ഭൂമിയിൽ മൃതദേഹം മറവ് ചെയ്യുന്നത് നിറുത്തലാക്കുകയും വേണ്ടതുണ്ട്.
പഞ്ചായത്ത് ആറാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികൾ ആരംഭിച്ചിട്ടുള്ളത്. മാസ്റ്റർ പ്ലാൻ തയ്യാറാക്കി ശ്മശാന ഭൂമിയിൽ വൃക്ഷത്തൈകൾ നട്ട് ഇവിടെ ഹരിതാഭമാക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം.