തൃശൂർ: ജില്ലയിൽ അഞ്ച് ദിവസത്തിനുള്ളിൽ കൊവിഡ് രോഗികളുടെ എണ്ണം 8500നടുത്ത്. തുടർച്ചയായി നാലു ദിവസം ആയിരത്തിന് മുകളിൽ രോഗികളുടെ എണ്ണം എത്തിയപ്പോൾ ഇന്നലെ രണ്ടായിരം കടന്നു. നേരത്തെ സംസ്ഥാനത്ത് കൊവിഡ് നിരക്ക് കുതിച്ചുയർന്ന ഒക്ടോബറിൽ തുടർച്ചയായി മൂന്നു ദിവസം ആയിരം കടന്നതായിരുന്നു ഏറ്റവും ഉയർന്ന നിരക്ക്. അന്ന് ഒക്ടോബർ 23, 24, 25 തിയതികളിൽ 1020,1086,1011 എന്നിങ്ങനെയായിരുന്നു കൊവിഡ് പോസറ്റീവായവരുടെ എണ്ണം.
എന്നാൽ ഏപ്രിൽ 17 മുതൽ 21 വരെയുള്ള കണക്ക് പ്രകാരം രോഗികളുടെ എണ്ണം 8478 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 18ന് 1780 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ അത് ജില്ലയിലെ ഏറ്റവും വലിയ കൊവിഡ് കണക്കായിയിരുന്നു. എന്നാൽ 20ന് അത് വീണ്ടും 1868 ആയി ഉയർന്നു. ഇന്നലെ വീണ്ടും കുതിച്ചുയർന്ന് 2,293ലെത്തി.
ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ ഒരാഴ്ച മുമ്പത്തെ കണക്ക് പ്രകാരം 1600 വരെ രോഗികൾ വരാമെന്നായിരുന്നുവെങ്കിൽ ആ കണക്കുകൂട്ടലുകൾ കാറ്റിൽ പറത്തുന്ന കണക്കാണ് ഇപ്പോഴത്തേത്. ഇന്നലെ 1,750 മേലെ വരുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ 2,293 ലാണ് എത്തി നിൽക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ 18 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.34 ശതമാനമായി. ഇന്നലെ 11,273 പേരെ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും രോഗികൾ.
രണ്ടായിരം കടന്നിട്ടും പെരുമാറ്റച്ചട്ടം പാലിക്കാതെ ജനം
കൊവിഡ് വ്യാപനം എല്ലാ അതിർവരമ്പുകളും ഭേദിക്കുേമ്പാഴും പെരുമാറ്റച്ചട്ടങ്ങൾ പാലിക്കാതെ ജനം. രാത്രി ഒമ്പതിന് ശേഷം ഏർപ്പെടുത്തിയ കർഫ്യൂ പോലും ജനം മുഖവിലയ്ക്ക് എടുക്കിന്നില്ല. കർഫ്യൂ ആരംഭിച്ച ആദ്യദിനത്തിൽ ശക്തനിൽ യാതൊരു മാനദണ്ഡവുമില്ലാതെ ലോഡ് ഇറക്കുന്ന അമ്പതോളം ചമട്ടു തൊഴിലാളികളെ കളക്ടർ എസ്. ഷാനവാസ് കൈയ്യോടെ പിടികൂടി.
കർഫ്യൂ കഴിയുന്ന സമയത്ത് ലോഡ് ഇറക്കാൻ ആവശ്യപ്പെട്ട് അവരെ പിരിച്ചുവിട്ടു. സ്വരാജ് റൗണ്ടിൽ അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങൾ അടക്കം നിറുത്തി സംസാരിക്കുന്ന ആളുകളെ കർഫ്യൂ സമയങ്ങളിൽ കളക്ടർ നടത്തിയ പരിശോധനയിൽ കണ്ടിരുന്നു. ഗെയിൽ പൈപ്പ് ലൈൻ വിന്യാസവുമായി ബന്ധപ്പെട്ട ജോലിക്കാരാണ് കുന്നംകുളത്ത് കണ്ടത്. വാഹനങ്ങൾ കുറവുള്ള രാത്രി മാത്രമേ അവർക്ക് ജോലി ചെയ്യാനാവൂ എന്നാണ് അവരുടെ മറുപടി. എന്നാൽ ബന്ധശപ്പട്ടവരുടെ പ്രത്യേക അനുമതി ഇല്ലാതെ പണിയെടുക്കരുതെന്ന് അവർക്ക് കളക്ടർ നിർദ്ദേശം നൽകി.
കൊവിഡ് പ്രതിദിന ബാധ രണ്ടായിരം കടന്നിട്ടും ജനത്തിന്റെ അലംഭാവത്തിൽ മാറ്റമില്ല. മുതിർന്നവർ, രോഗികൾ, കുട്ടികൾ അടക്കം പ്രത്യേകം ശ്രദ്ധിക്കേണ്ടവരുടെ കാര്യത്തിൽ സമൂഹത്തിൽ യാതൊരു മുൻകരുതലുമില്ല. വിദ്യാർത്ഥികൾ തോന്നുംപടിയാണ് ഒന്നിച്ചു കൂടുന്നത്. സ്ത്രീകൾ അടക്കം യാത്രക്കാർ അശ്രദ്ധമായാണ് കാര്യങ്ങൾ ചെയ്യുന്നത്.
കഴിഞ്ഞ അഞ്ച് ദിവസത്തെ കൊവിഡ് നിരക്ക്
എപ്രിൽ 17 - 1,149
18 - 1,780
19 - 1,388
20 - 1,868
21 - 2,293
ജില്ലയിൽ ഇതുവരെ വാക്സിൻ സ്വീകരിച്ചവർ
(വിഭാഗം ഫസ്റ്റ് ഡോസ് സെക്കൻഡ് ഡോസ് എന്ന ക്രമത്തിൽ)
ആരോഗ്യപ്രവർത്തകർ
44,711
35,126
മുന്നണി പോരാളികൾ
10,993
9,618
പോളിംഗ് ഓഫീസർമാർ
24,381
6,555
45-59 വയസ്സിന് ഇടയിലുളളവർ
1,57,933
3,455
60 വയസ്സിന് മുകളിലുളളവർ
2,83,770
14,725
ആകെ
5,21,788
69,479
ജില്ലയിൽ കൊവിഡ് 2000 കടന്നു
തൃശൂർ: ജില്ലയിൽ 2293 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 452 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,923 ആണ്. തൃശൂർ സ്വദേശികളായ 91 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,950 ആണ്. 1,07,370 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.34 % ആണ്.
സമ്പർക്കം വഴി 2262 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 16 പേർക്കും, 8 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 07 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചു
തൃശൂർ: കൊവിഡ് രണ്ടാം തരംഗം തീവ്രമായ പശ്ചാത്തലത്തിൽ പൊതു ജനങ്ങൾക്ക് വേണ്ടി കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചു.
കൺട്രോൾ റൂമിന്റെ പ്രവർത്തന ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് എം. പി. വിൻസെന്റ് നിർവഹിച്ചു. കൺട്രോൾ റൂമിന്റെ ചീഫ് കോ - ഓർഡിനേറ്ററും ഡി.സി.സി വൈസ് പ്രസിഡന്റുമായ ഡോ. നിജി ജസ്റ്റിൻ, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, കോ- ഓർഡിനേറ്റർ ചാർജുള്ള ജനറൽ സെക്രട്ടറിമാരായ രവി ജോസ് താണിക്കൽ, സജിപോൾ മാടശ്ശേരി, സി.ഡി. ഏന്റോസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുന്ദരൻ കുന്നത്തുള്ളി, കെ. എച്ച്. ഉസ്മാൻഖാൻ എന്നിവർ പങ്കെടുത്തു. ഡി.സി.സിയുടെ ഹെൽപ്പ് സെന്റർ നമ്പർ: 7012120889.