മാള: കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് കണ്ടെയ്‌ൻമെന്റ് നിയന്ത്രണവും നിരോധനാജ്ഞയും നിലവിലുള്ള കുഴൂർ പഞ്ചായത്തിൽ അടുത്ത രണ്ട് ദിവസത്തെ പരിശോധന നിർണായകമായേക്കും. ഇനിയുള്ള ക്യാമ്പുകളിൽ നടക്കുന്ന ആന്റിജൻ പരിശോധനകളുടെ പൊസിറ്റിവിറ്റി നിരക്ക് അനുസരിച്ചായിരിക്കും ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങളെ സംബന്ധിച്ച് തീരുമാനമെടുക്കുക.
ഇന്നലെ പരിശോധന നടത്തിയ 83 പേരിൽ 20 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ കുഴൂർ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയിട്ടുണ്ടെങ്കിലും പൊസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ താഴെയാണെന്നത് ആശ്വാസം നൽകുന്നുണ്ട്. ഇനിയുള്ള രണ്ട് ദിവസത്തെ പരിശോധനയോടെ പഞ്ചായത്തിലെ എല്ലാ വാർഡുകളിലുള്ളവർക്കും ക്യാമ്പ് പൂർത്തിയാകും.
കണ്ടെയ്‌ൻമെന്റ് നിയന്ത്രണവും, നിരോധനാജ്ഞയും, കൊവിഡ് വ്യാപന ആശങ്കകളും ചർച്ച ചെയ്യാൻ കുഴൂർ പഞ്ചായത്ത് വിളിച്ച
യോഗത്തിൽ പ്രസിഡന്റ് സാജൻ കൊടിയൻ അദ്ധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും, ജനപ്രതിനിധികളും, വ്യാപാരി നേതാക്കളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസ് ഉദ്യോഗസ്ഥരും, മാദ്ധ്യമ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
നിയന്ത്രണങ്ങൾ മറികടന്ന് ജനങ്ങൾ സഞ്ചരിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത വേണമെന്നും പൊലീസ് വ്യക്തമാക്കി. യോഗത്തിൽ കഴിഞ്ഞ ദിവസത്തെ കേരളകൗമുദി പ്രത്യേക വാർത്തയും ചർച്ചയായി. വ്യാഴാഴ്ച എരവത്തൂർ എ.എൽ.പി സ്കൂളിൽ അഞ്ച്, ആറ് വാർഡുകളിലുള്ളവർക്കും, കുഴൂർ ദർശന ഓഡിറ്റോറിയത്തിൽ രണ്ട്, മൂന്ന്, നാല് വാർഡിലുള്ളവർക്കും കൊവിഡ് പരിശോധന നടത്തും.
വ്യാപാരികൾക്ക് കൊവിഡ് പരിശോധന നടത്തണമെന്നും ആയതിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ സൂക്ഷിക്കണമെന്നും യോഗത്തിൽ തീരുമാനമായി. ഡ്രൈവർമാർക്കും പരിശോധന നിർബന്ധമാക്കി. വെള്ളിയാഴ്ച വരെ നടക്കുന്ന ക്യാമ്പുകളിലെ പരിശോധന പൂർത്തിയാക്കിയാൽ പൊസിറ്റിവിറ്റി നിരക്ക് കുറയുമെന്നും തുടർന്ന് അടുത്ത തിങ്കളാഴ്ചയോടെ നിയന്ത്രണങ്ങൾ നീക്കാൻ കഴിയുമെന്നാണ് കരുതുന്നത്.