ചാലക്കുടി: കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമായ സാഹചര്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് ബി.ഡി. ദേവസി എം.എൽ.എ വിളിച്ചു ചേർത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടേയും വിവിധ ഉദ്യോഗസ്ഥരുടേയും ഓൺലൈൻ യോഗത്തിൽ തീരുമാനിച്ചു.
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കുന്നതിന് പഞ്ചായത്തുകളോട് എം.എൽ.എ നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ സമൂഹ അടുക്കള സജ്ജമാക്കൽ, അതിഥി തൊഴിലാളികൾക്കായി പ്രത്യേക പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കൽ എന്നീ നടപടികൾക്കും തീരുമാനമായി. സന്നദ്ധ പ്രവർത്തകരുടെ സേവനങ്ങൾ ഏകോപിപ്പിക്കൽ, കൂടുതൽ വാക്‌സിൻ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കൽ, ആദിവാസി മേഖലകളിൽ രോഗം പടരാതിരിക്കാൻ മുൻകരുതൽ ഒരുക്കൽ തുടങ്ങിയവയാണ് മറ്റു തീരുമാനങ്ങൾ. പൊലീസിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നടപടികളോട് ജനങ്ങൾ പൂർണ്ണമായും സഹരിക്കണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.
പഞ്ചായത്തു പ്രസിഡന്റുമാരായ അമ്പിളി സോമൻ, പ്രിൻസി ഫ്രാൻസിസ്, കെ.കെ. റിജേഷ് , എം.എസ്. സുനിതാ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജനീഷ് പി. ജോസ്, ലീല സുബ്രഹ്മണ്യൻ, ചാലക്കുടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷീജ, ഡി.വൈ.എസ്.പി ജിജിമോൻ, വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി. വിനോദ്, ടി.ഡി.ഒ. ടി.ആർ. സന്തോഷ് കുമാർ, ചാലക്കുടി തഹസീൽദാർ ആർ. സുജയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
..........................
യു.ഡി.എഫ് ഭരണാധികാരികൾ പങ്കെടുത്തില്ല
സ്ഥലത്തുണ്ടായിരുന്നിട്ടും നഗരസഭാ ചെയർമാൻ, എം.എൽ.എ വിളിച്ചു ചേർത്ത ഓൺലൈൻ യോഗത്തിൽ പങ്കെടുത്തില്ലെന്ന് പരാതി. യു.ഡി.എഫ് ഭരിക്കുന്ന കോടശേരി പഞ്ചായത്തിന്റെ പ്രസിഡന്റും യോഗത്തിൽ പങ്കാളിയായില്ല. നിയോജക മണ്ഡത്തിലെ മറ്റെല്ലാ പഞ്ചായത്തു പ്രസിഡന്റുമാരും തീവ്ര കൊവിഡ് വ്യാപനം നിയന്ത്രിക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിന് വിളിച്ച യോഗത്തിൽ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായം അറിയിച്ചു. നഗരസഭയിൽ സൂപ്രണ്ടായിരുന്നു യോഗത്തിൽ സംബന്ധിച്ചത്. യോഗം അവസാനിക്കുന്നതിന് മുമ്പ് ഹാളിൽ എത്തിയ ചെയർമാൻ വി.ഒ. പൈലപ്പൻ എം.എൽ.യുടെ യോഗത്തിൽ നിന്നും മുഖം തിരിക്കുകയായിരുന്നെന്നാണ് ആക്ഷേപം.