thaluk
വി.ജി.ജോജിയും ടി.ഡി. എലിബത്തും ചാലക്കുടി താലൂക്ക് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വീണു കിടക്കുന്ന കണ്ടെയ്‌നർ ലോറി നാലു മാസം പിന്നിട്ടിട്ടും പുറത്തെടുക്കാത്ത അധികൃതരുടെ അലംഭാവത്തിൽ പ്രതിഷേധിച്ച് ചാലക്കുടിയിലെ രണ്ടു സ്വതന്ത്ര കൗൺസിലർമാർ താലൂക്ക് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. വി.ജി. ജോജി, ടി.ഡി. എലിസബത്ത് എന്നിവരാണ് പ്ലക്കാർഡുകളുമായി തഹസിൽദാരുടെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്.

സമരത്തിന് ഐക്യദാർഢ്യവുമായി പൊതുപ്രവർത്തകരും ആത്മീയ നേതാക്കളുമെത്തി. മുൻ നഗരസഭാ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, ഫാ.വർഗീസ് പാത്താടൻ, ടൗൺ ഇമാം ഹുസൈൻ ബാഖവി, സ്വാമി സച്ചിദാനന്ദ, ചാലക്കുടിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ എസ്.പി. രവി, യു.എസ്. അജയകുമാർ തുടങ്ങിയവരാണ് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചത്. രണ്ടുമാസം മുമ്പ് ചാർജ്ജെടുത്ത ഇപ്പോഴത്തെ തഹസിൽദാർക്ക് കണ്ടെയ്‌നർ ലോറി പുഴയിൽ വീണ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് അറിയിച്ചതെന്ന് വി.ജെ. ജോജി ചൂണ്ടിക്കാട്ടി. ഇത് അലംഭാവമാണ്. നഗരസഭാ അധികൃതരും വളരെ ലാഘവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
............................


തൃശൂർ പൂരം കഴിഞ്ഞുള്ള ദിവസങ്ങളിൽ പുഴയിൽ വീണുകിടക്കുന്ന കണ്ടെയ്‌നർ ലോറി പുറത്തെടുക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ജില്ലാ കളക്ടർ ഉറപ്പുനൽകിയതായി വി.ജെ. ജോജി അറിയിച്ചു. ഇതേ തുടർന്ന് ഇന്നു നടത്താൻ തീരുമാനിച്ച നഗരസഭാ ചെയർമാൻ ചേമ്പറിലെ കുത്തിയിരിപ്പു സമരം വേണ്ടെന്നു വച്ചതായും വി.ജി. ജോജിയും ടി.ഡി. എലിസബത്തും പറഞ്ഞു.