തൃശൂർ: ശിവപുരിയുടെ ആകാശ മേലാപ്പിൽ കരിമരുന്നിന്റെ ഇന്ദ്രജാലം വിതറിയില്ല, തേക്കിൻകാട് മൈതാനിയിൽ നിന്ന് ഉയർന്ന് പൊങ്ങി പൊട്ടിച്ചിതറിയ രണ്ട് കുഴിമിന്നികളിൽ തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് കത്തിതീർന്നു. ആദ്യം തിരുവമ്പാടി വിഭാഗമാണ് തങ്ങളുടെ കുഴിമിന്നിക്ക് തീകൊളുത്തിയത്. അഞ്ച് മിനിറ്റിന് ശേഷം പാറമേക്കാവും തിരി കത്തിച്ചു. തൃശൂർ പ്രദക്ഷിണ വഴിയെയും ഇടവഴികളെയും പ്രകമ്പനം കൊള്ളിക്കുന്ന സാമ്പിൾ വെടിക്കെട്ടിന് പകരം പ്രതീകാത്മകമായി തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങൾ ഓരോ കുഴിമിന്നലുകൾ പൊട്ടിച്ച് സാമ്പിൾ വെടിക്കെട്ട് അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഉപേക്ഷിക്കുകയായിരുന്നു. സാമ്പിളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ഉപേക്ഷിച്ചത്. രണ്ട് കുഴിമിന്നലുകളെ ഉള്ളൂവെങ്കിലും അത് കാണുന്നതിന് വെടിക്കെട്ട് പ്രേമികൾ എത്തുമെന്ന പ്രതീക്ഷയിൽ പൊലീസിനെ വിന്യസിപ്പിച്ചിരുന്നു. അതേസമയം പൂരം വെടിക്കെട്ട് നടത്താൻ ഇരു വിഭാഗവും തീരുമാനിച്ചിട്ടുണ്ട്.