തൃശൂർ: ആരവങ്ങളുയർന്നില്ല, ആർപ്പുവിളികളില്ല, പ്രദക്ഷിണ വഴികളിൽ ജനം ഇരമ്പിയെത്തിയില്ല, ഇന്നലെ രണ്ട് കുഴിമിന്നികൾ പൊട്ടിച്ചിതറിയത് ചരിത്രത്തിലേക്കായിരുന്നു. സാമ്പിൾ വെടിക്കെട്ട് പ്രതീകാത്മകമായി നടത്തിയപ്പോൾ ആയിരക്കണക്കിന് കമ്പക്കെട്ട് പ്രേമികൾ നിരാശയിലമർന്നു.
തൃശൂർ പൂരത്തിന്റെ ആരവം ഉയർത്തുന്നതാണ് സാമ്പിൾ വെടിക്കെട്ട്. സാമ്പിൾ മുതൽ തന്നെ പൂര നഗരയിലേക്ക് ജനം പ്രവഹിക്കുക പതിവായിരുന്നു. സാമ്പിൾ ദിവസം രാവിലെ മുതൽ തന്നെ ശക്തന്റെ തട്ടകം വെടിക്കെട്ട് പ്രേമികളെ കൊണ്ട് നിറയും.
വെടിക്കെട്ട് ആസ്വദിക്കാൻ പറ്റുന്ന സ്ഥലങ്ങൾ കണ്ടെത്തി ഇരിപ്പു തുടങ്ങും. മണിക്കൂറുകളോളം നീളുന്ന കാത്തിരിപ്പിന് ഒടുവിൽ പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങളിൽ ആദ്യ ഊഴക്കാർ കമ്പക്കെട്ടിന് തിരികൊളുത്തിയാൽ ഉയരും. ഒരു ടീമിന്റെ കമ്പക്കെട്ട് കത്തിതീർന്നാൽ അതിന്റെ ഏറ്റക്കുറച്ചിലുകൾ ചർച്ച ചെയ്യുന്നതിനിടയിൽ മറുവിഭാഗം വെടിക്കെട്ട് തിരികൊളുത്തും.
രണ്ടും കത്തിത്തീർന്ന് ശക്തന്റെ തട്ടകത്ത് നിന്ന് പടിയിറങ്ങുമ്പോൾ ചർച്ചകൾ പൂരം വെടിക്കെട്ടിന്റെ ഗാംഭീര്യത്തെ കുറിച്ചായിരിക്കും. എന്നാൽ പതിവ് ആരവങ്ങൾ ഇല്ലാതെ വഴിയാത്രക്കാരായവരെ സാക്ഷികളാക്കിയായിരുന്നു ഇത്തവണത്തെ സാമ്പിൾ.
ദീപ പ്രഭ ചൊരിഞ്ഞ് പന്തലുകൾ മിഴി തുറന്നു
പൂരപ്പന്തലുകൾ മിഴി തുറന്നു. പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാലിലും തിരുവമ്പാടി വിഭാഗത്തിന്റെ നടുവിലാലിലും നായ്ക്കനാലിലുമാണ് പന്തലുകൾ. പ്രതീകാത്മകമായി നടന്ന സാമ്പിൾ വെടിക്കെട്ടിന് മുമ്പാണ് പന്തലുകളുടെ സ്വിച്ച് ഓൺ കർമ്മം നടന്നത്.