തൃശൂർ: ആളും ആരവവും ഓർമ്മയിലൊതുക്കി ശക്തന്റെ തട്ടകത്തിൽ നാളെ പൂരം. പൂര പൂക്കൾ വിടർത്താൻ ഇന്ന് രാവിലെ നെയ്തലകാവിലമ്മ പൂര നഗരിയിലെത്തി വടക്കും നാഥന്റെ തെക്കേ ഗോപുര നട തുറന്നു പൂര വിളംബരം നടത്തി. നാളെ രാവിലെ കണിമംഗലം ശാസ്താവ് വെയിൽ പരക്കും മുൻപ് തെക്കേ ഗോപുര നട തുറക്കുന്നതോടെ പൂര ചടങ്ങുകൾക്ക് തുടക്കമാകും. പിന്നാലെ പൂരത്തിനായി മറ്റ് ഘടക ക്ഷേത്രങ്ങളുടെ വരവ്. എല്ലാത്തിനും സാക്ഷിയായി മൗനിയായി തപസിലിരിക്കുന്ന മഹേശ്വരൻ. പൂരത്തിന്റെയന്ന് മഹേശ്വരനു മുന്നിലേക്കു താളമേളങ്ങളുടെ അകമ്പടിയോടെ ദേവീദേവൻമാർ എഴുന്നള്ളും. തെക്കേ ഗോപുര നട വഴി കയറി വരുന്ന കണിമംഗലം ശാസ്താവു മാത്രമാണ് തെക്കേഗോപുരം വഴി ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നത്. ദേവഗുരു ബൃഹസ്പതിയാണു കണിമംഗലം ശാസ്താവ്. വടക്കുന്നാഥനൊപ്പം തന്നെ സ്ഥാനമുള്ളതിനാൽ കണിമംഗലം ശാസ്താവ് ഭഗവാനെ പ്രദക്ഷിണം വയ്ക്കാതെ പടിഞ്ഞാറെ ഗോപുരം വഴി പുറത്തേക്ക് എഴുന്നള്ളും. . അതിനു ശേഷം പാറമേക്കാവ് ഭഗവതിയും. കണിമംഗലം ശാസ്താവ് ഒഴികെ എല്ലാ പൂരങ്ങളും തെക്കേഗോപുരം വഴി പുറത്തേക്കിറങ്ങുന്നു. വടക്കുന്നാഥ സന്നിധിയിലേക്ക് ഉണ്ണിക്കണ്ണന്റെ കോലത്തിലാണ് തിരുവമ്പാടി ഭഗവതി എഴുന്നള്ളുക. ശ്രീശങ്കരാചാര്യരുടെ ശിഷ്യമഠങ്ങളിലൊന്നായ പടിഞ്ഞാറെ ചിറയ്ക്കടുത്തെ നടുവിൽ മഠത്തിലേക്കാണു പൂരദിവസം ദേവി ആദ്യം എഴുന്നള്ളുക. പാണികൊട്ടിയാണു ഭഗവതിയെ മഠത്തിൽ നിന്നും എഴുന്നള്ളിക്കുക. ഇത്തവണ ഒരാന പുറത്താണ് എഴുന്നള്ളിപ്പ്. പ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യത്തോടെ ആണ് പുറപെടുക.
ചടങ്ങ് വെട്ടിക്കുറച്ച് തിരുവമ്പാടി
മാറ്റമില്ലാതെ പാറമേക്കാവ്
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി 7 തിമിലകളോടെ ഉള്ള പഞ്ചവാദ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പഞ്ചവാദ്യം നായ്ക്കനലിൽ കൊട്ടി കലാശിക്കും. തുടർന്ന് കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ മേളം.
ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടികലാശിച്ചാൽ തിരുവമ്പാടി ഭഗവതി തെക്കേഗോപുരമിറങ്ങും. തുടർന്നു കുടമാറ്റം. പരമാവധി ചടങ്ങുകൾ വെട്ടികുറച്ചാണ് തിരുവമ്പാടി വിഭാഗം പൂരം നടത്തുന്നത്. അതേ സമയം പാറമേക്കാവ് ഭഗവതി മുൻ കാലങ്ങളെ പോലെ തന്നെയാണ് എഴുന്നെള്ളുക. ഉച്ചക്ക് 12 മണിയോടെ 15 ആനകളോടെ പുറത്തേക്ക് എഴുന്നെള്ളും. ഈ സമയം 20 സെറ്റ് കുടകൾ മാറ്റും. തുടർന്ന് ചെമ്പട കൊട്ടി വടക്കുംനാഥനിലേക്ക്. അർദ്ധ പ്രദക്ഷിണം ആയാൽ ഇലഞ്ഞിത്തറ മേളം ആരംഭിക്കുകയായി. പെരുവനം കുട്ടൻ മാരാർ നേതൃത്വം നൽകുന്ന മേള വിസ്മയത്തിൽ 200 ലേറെ കലാകാരൻമാർ പങ്കെടുക്കും. അതേ സമയം ഇലഞ്ഞി മര ചുവട്ടിൽ നടക്കുന്ന മേളങ്ങളുടെ മേളം എന്ന് വിശേഷിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം ആസ്വദിക്കാൻ മേള പ്രേമികൾ ഉണ്ടാകില്ല എന്നതാണ് സവിശേഷത. മേളം കഴിഞ്ഞു ഇരു ഭഗവതിമാരും തെക്കേ ഗോപുര നട വഴി പുറത്തേക്ക് ഇറങ്ങും. പാറമേക്കാവ് ഭഗവതി ആണ് ആദ്യം ഇറങ്ങുക. തുടർന്ന് കോർപ്പറേഷൻ ഓഫീസിനു മുന്നിലെ രാജാവിന്റെ പ്രതിമയെ വലം വെച്ച് തിരികെ തെക്കേ ഗോപുര നടയിൽ എത്തും. ഈ സമയം ഒരാന പുറത്ത് തിരുവമ്പാടി ഭഗവതി ഗോപുര നടയിൽ അഭിമുഖമായി നിലയുറപ്പിക്കും. പ്രസിദ്ധമായ കുടമാറ്റം നടക്കേണ്ട സമയമാണ് ഭഗവതിമാരുടെ അഭിമുഖ സമയത്ത് ഉണ്ടാവുക. എന്നാൽ കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ കുടമാറ്റം തിരുവമ്പാടി വിഭാഗം പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പാറമേക്കാവ് വിഭാഗം ആറു സെറ്റ് കുടകൾ മാറ്റും എന്ന് അറിയിച്ചിട്ടുണ്ട്. വളരെ പെട്ടന്ന് ചടങ്ങുകൾ പൂർത്തിയാക്കി ഇരു ഭഗവതിമാരും മടങ്ങും. ഇതിനു ശേഷം രാത്രി പൂരം തുടരും. പകൽപൂരത്തിൽ പങ്കെടുത്ത പൂരങ്ങളെല്ലാം രാത്രി പൂരത്തിൽ അണിനിരക്കും. രാത്രി പൂരത്തിനു ശേഷം മൂന്നിനാണു വെടിക്കെട്ട്. പുലർച്ചെ ഏഴിന് വീണ്ടും പകൽപൂരം. പകൽപൂരത്തിന്റെ സമയം ചുരുക്കിയിട്ടുണ്ട്. തുടർന്ന് ശ്രീമൂലസ്ഥാനത്ത് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ തൃശൂർ പൂരത്തിന് പരിസമാപ്തിയാകും.