gopuram

തൃശൂർ: പൂരപ്പിറവിക്ക് വേണ്ടി തെക്കേ ഗോപുര നട തുറന്നു. വടക്കുംനാഥന്റെ തെക്കെ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ എത്തി .പൂരവിളംബരം അറിയിച്ച് ഇന്ന് രാവിലെ എട്ടരയോടെ ക്ഷേത്രത്തിൽ നിന്ന് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ ശിവകുമാറിന്റെ ശിരസിലേറിയാണ് നെയ്തക്കാവിലമ്മ എത്തിയത്. 11.45 ഓടെയാണ് ഭഗവതിയെ ശിരസിലേറ്റിയ ശിവകുമാർ നട തുറന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മേളം ചുരുക്കി. ക്ഷേത്രം അടിയന്തര മാരാർ ജിതിൻ കല്ലാറ്റിന്റെ നേതൃത്വത്തിലാണ് മേളം. 20 ഓളം വാദ്യകലാകാരൻമാരായി ചുരുക്കിയിരുന്നു . ആനക്കാർ, വാദ്യക്കാർ, സംഘാടകർ ഉൾപ്പടെ 50 ഓളം പേർ മാത്രമാണ് പൂരത്തിന് ഒപ്പം ഉണ്ടാവുക. ഷൊർണൂർ റോഡ് വഴി ശ്രീമൂല സ്ഥാനത്തു എത്തുന്ന ഭഗവതി പടിഞ്ഞാറെ ഗോപുരവാതിൽ വഴി വടക്കുംനാഥനിലേക്ക് പ്രവേശിച്ചു . തുടർന്ന് ക്ഷേത്ര പ്രദക്ഷിണത്തിന് ശേഷം തെക്കെ ഗോപുര വാതിൽ ശംഖ് വിളിച്ചു തുറന്നു . പൂര നാളിൽ വെയിൽ പരക്കും മുൻപ് കണിമംഗലം ശാസ്താവ് ഇതു വഴിയാണ് വടക്കുംനാഥനിലേക്ക് പ്രവേശിക്കുക. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാരും ഇതു വഴിയാണ് പ്രസിദ്ധമായ തെക്കോട്ടിറക്കം നടത്തുക. കഴിഞ്ഞ ഏതാനും വർഷങ്ങളായി തെച്ചിക്കോട്ട് രാമചന്ദ്രൻ ആയിരുന്നു ഭഗവതിയുടെ തിടമ്പറ്റി ഗോപുരവാതിൽ തുറക്കാൻ എത്തിയിരുന്നത്. എന്നാൽ ഇത്തവണ വിലക്കായതിനാൽ ആ നിയോഗം ശിവകുമാറിനാണ്. മുൻ വർഷങ്ങളിൽ ഈ സമയം ആയിരങ്ങളാണ് തെക്കെ ഗോപുര നടയിൽ തടിച്ചു കൂടിയിരുന്നത്. എന്നാൽ ഇന്ന് വളരെ കുറവ് ആളുകൾ മാത്രമാണ് ചടങ്ങിനെത്തിയത്. നാളെ രാവിലെ എട്ടരയോടെ നെയ്തലക്കാവിലമ്മ പൂരത്തിൽ പങ്കെടുക്കുന്നതിനായി പുറപ്പെടും.