ചേർപ്പ്: വടക്കുംനാഥ ക്ഷേത്ര ഇലഞ്ഞിമരത്തണലിൽ ഇന്ന് പെരുവനം കുട്ടൻ മാരാരിന്റെ മേളപ്പെരുക്കം അവിസ്മരണീയമാകും. തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിൽ ഇരുപത്തിമൂന്നാം തവണയാണ് പെരുവനം കുട്ടൻ മാരാർ പ്രമാണം വഹിക്കുന്നത്. 41 വർഷക്കാലമായി കുട്ടൻ മാരാർ പൂരത്തിന്റെ മേള സാന്നിദ്ധ്യമാണ്. ഇന്ന് ഉച്ചക്ക് രണ്ടരക്ക് ആരംഭിക്കുന്ന മേളം വൈകിട്ട് നാലര വരെ നീണ്ടു നിൽക്കും. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇരുന്നൂറിലേറെ വാദ്യ കലാകാരൻമാരാണ് മേളത്തിന് അകമ്പടി സേവിക്കുക. കുട്ടൻ മാരാർക്കൊപ്പം സഹപ്രമാണിയായി പെരുവനം സതീശൻ മാരാരും, കുമ്മത്ത് രാമൻകുട്ടി, വെളപ്പായ നന്ദനൻ, കുമ്മത്ത് നന്ദനൻ, പെരുവനം അനിൽകുമാർ എന്നിവർ കൊമ്പ്, കുഴൽ, ഇലത്താളം എന്നിവയ്ക്ക് നേതൃത്വം വഹിക്കും. കൊവിഡ് പരിശോധനക്ക് ശേഷമായിരിക്കും മുഴുവൻ കലാകാരൻമാരും മേളത്തിന് പങ്കെടുക്കുക.