തൃശൂർ: ജനലക്ഷങ്ങൾ പൂരത്തിന് പങ്കെടുക്കുന്നില്ലെങ്കിലും ഇന്നേവരെ കാണാത്ത സുരക്ഷയിലും നിയന്ത്രണത്തിലുമാണ് നഗരം. കാണികളില്ലാത്ത പൂരത്തിന് സുരക്ഷയൊരുക്കാൻ 2,000 പൊലീസുകാർ നഗരത്തിലെത്തി. പൊതുജനം നഗരത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം പാസ് പരിശോധിക്കുന്ന ചുമതലയും പൊലീസിനുണ്ട്. നഗരത്തിലേക്കുള്ള എട്ട് പ്രധാന പാതകളൊഴികെ ഇടവഴികളും ചെറു റോഡുകളും ഇന്നലെ രാത്രിയോടെ അടച്ചുകെട്ടി. പൊലീസ് കാവലും ഏർപ്പെടുത്തി.
100 ഗ്രാം വെടിമരുന്ന് നിറച്ച ഒരു കുഴിമിന്നൽ മാത്രമാണ് സാമ്പിളിന് ബുധനാഴ്ച പൊട്ടിച്ചതെങ്കിലും ഇതിനായി ഏർപ്പെടുത്തിയ പൊലീസ് സുരക്ഷയിലും ജനം അതിശയിച്ചു. തേക്കിൻകാട് മൈതാനിയിലേക്ക് വൈകിട്ട് അഞ്ച് മുതൽ ആരെയും കടത്തിവിട്ടിരുന്നില്ല. വടക്കുംനാഥ ക്ഷേത്ര ദർശനത്തിനും ആളുകൾക്ക് വരാനായില്ല. തിരുവമ്പാടി ദേവസ്വം ഓഫീസിന് അടുത്തുളള പെട്രോൾ ബങ്ക് മൂന്ന് ദിവസത്തേക്ക് അടപ്പിച്ചു. 2,000 കിലോ വെടിമരുന്ന് മൈതാനത്ത് സൂക്ഷിച്ചതിനാലാണിത്.
രാത്രി കർഫ്യൂ നിലവിൽ വന്നതോടെ നിയന്ത്രണച്ചുമതല ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് കൈമാറി. 50 ശതമാനത്തോളം സബ് ഇൻസ്‌പെക്ടർമാരെയും കൊവിഡ് പ്രതിരോധ ഡ്യൂട്ടിക്കായി നിയോഗിച്ചു. പ്രധാന കേന്ദ്രങ്ങളിൽ വെഹിക്കിൾ ചെക്കിംഗ് പോയിന്റുകൾ സ്ഥാപിച്ച് പൊലീസ് സംഘങ്ങൾ പരിശോധന നടത്തും. ഇതിന് പുറമെ വാഹനങ്ങളിലുള്ള പൊലീസ് പട്രോളിംഗും നടക്കുന്നുണ്ട്.
ബാരിക്കേഡുകൾ സജ്ജം
ഇന്നലെ രാത്രിയോടെ ബാരിക്കേഡുകൾ സ്വരാജ് റൗണ്ടിലെ വഴികളിലെല്ലാം സജ്ജമായി. ഇന്ന് രാവിലെ ആറിന് ഗതാഗത നിരോധനം തുടങ്ങും. പകൽപ്പൂരം കഴിയുന്നത് വരെ പാസില്ലാത്തവർക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും ഘടക പൂരങ്ങൾക്കും പൂരം ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും മാദ്ധ്യമ പ്രവർത്തകർക്കുമാണ് പാസുകൾ പൊലീസ് വിതരണം ചെയ്തിട്ടുള്ളത്. ഇവരൊഴികെ ആർക്കും പൂരപ്പറമ്പിലേക്ക് പ്രവേശനമില്ല. പാസുകൾ പരിശോധിച്ച് ഉറപ്പാക്കാൻ എം.ജി റോഡ്, ഷൊർണൂർ റോഡ്, ബിനി ജംഗ്ഷൻ, പാലസ് റോഡ്, കോളേജ് റോഡ്, ഹൈറോഡ്, എം.ഒ റോഡ്, കുറുപ്പം റോഡ് എന്നിവിടങ്ങളിൽ പൊലീസ് കൗണ്ടറുകളുണ്ട്.
സ്വരാജ് റൗണ്ടിലേക്ക് നീളുന്ന ഔട്ടർ സർക്കിൾ റോഡുകളും ഇടവഴികളും അടച്ചുകെട്ടാനുള്ള ബാരിക്കേഡുകൾ അതത് റോഡുകൾക്ക് സമീപം ഇന്നലെ തന്നെയെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും പാർക്കിംഗ് നിരോധിച്ചിരുന്നു.