pooram

തൃശൂർ: നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥനെ ഒരുതവണ വലംവച്ച് തെക്കേ ഗോപുരവാതിൽ തുറന്ന് പുറത്തേക്കെഴുന്നള്ളി പൂരത്തിന് വിളംബരം കുറിച്ചു; ഇതോടെ ആളും ആരവവുമില്ലാതെ ചരിത്രമാകുന്ന 30 മണിക്കൂർ നീളുന്ന തൃശൂർ പൂരത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി. ഇന്നാണ് പൂരം. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ നഗരത്തിൽ നിലയുറപ്പിച്ചു. സ്വരാജ് റൗണ്ടിലേക്കുള്ള എട്ട് വഴികളിലൂടെ മാത്രമേ പാസുള്ളവർക്ക് പ്രവേശനമുള്ളൂ. സംഘാടകരും മേളക്കാരും അടക്കമുള്ളവർക്കാണ് പാസ് നൽകിയിട്ടുള്ളത്. പൊതുജനങ്ങളെ കടത്തിവിടില്ല.

കണിമംഗലം ശാസ്താവ് രാവിലെ ഏഴോടെ വടക്കുന്നാഥ ക്ഷേത്രത്തിലെത്തും. അതോടെ പൂരം തുടങ്ങും. ബാക്കി ഏഴ് ഘടക പൂരങ്ങളും ഉച്ചയ്ക്ക് 12 നകം ഒരാനപ്പുറത്ത് എഴുന്നള്ളിയെത്തും. പരമാവധി 50 പേരായിരിക്കും ഉണ്ടാവുക. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ ഉച്ചയ്ക്ക് 12 ന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ചെമ്പട കൊട്ടിത്തുടങ്ങും. 15 ആനകൾ ഉണ്ടാവുമെന്നാണ് പാറമേക്കാവ് ദേവസ്വം അറിയിച്ചിരിക്കുന്നത്. ഒന്നരയോടെ വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളിപ്പ് തുടങ്ങും. തിരുവമ്പാടി വിഭാഗം രാവിലെ ഒരാനയുടെ അകമ്പടിയോടെ മഠത്തിൽ വരവിനെത്തും.

പഞ്ചവാദ്യത്തോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് 11.30 ന് തുടങ്ങും. 2.30 ന് പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളമുണ്ടാകും. 15 ആനപ്പുറത്ത് പാറമേക്കാവ് ഭഗവതി ഇലഞ്ഞിത്തറയ്ക്ക് സമീപം നിലകൊള്ളും. വൈകിട്ടോടെ തെക്കോട്ടിറക്കം. ഇരു ദേവിമാരുടെയും കൂടിക്കാഴ്ചയായി ഇത്തവണ കുടമാറ്റച്ചടങ്ങ് മാറും. തിരുവമ്പാടി വിഭാഗം ഒരു ആനയുമായി തെക്കേനടയിൽ നിൽക്കും. പ്രതീകാത്മകമായി ഒന്നോ രണ്ടോ കുടയാകും തിരുവമ്പാടിക്കാർ മാറ്റുക. പാറമേക്കാവ് വിഭാഗം ഒന്നോ രണ്ടോ കുടമാറ്റും. ആറോടെ ചടങ്ങ് തീരും.