തൃശൂർ: ആകാശത്തേക്ക് കൈവീശി ആർപ്പുവിളികൾ ഉയർത്തി ആവേശം പകരാൻ പുരുഷാരം ഇല്ലെങ്കിലും വാദ്യ വിസ്മയം തീർക്കാൻ വാദ്യ പ്രമാണിമാർ തയ്യാർ. തൃശൂർ പൂരത്തിന്റെ മാസ്റ്റർ പീസുകളാണ് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തിൽ വരവ് പഞ്ചാവാദ്യവും, അതിന് തുടർച്ചയായി നടക്കുന്ന മേളവും പാറമേക്കാവ് വിഭാഗത്തിന്റെ ഇലഞ്ഞിത്തറ മേളവും രാത്രി പഞ്ചവാദ്യവും. ഇത്തവണയും വാദ്യ പ്രമാണിമാരിൽ മാറ്റങ്ങളില്ല. ഇലഞ്ഞിത്തറ മേളം ഒഴിച്ച് മറ്റ് എല്ലാ ചടങ്ങുകൾക്കും വാദ്യക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. എല്ലാ വാദ്യക്കാരും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണെത്തുന്നത്. കൊവിഡ് പരിശോധനയിൽ എതാനും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെ മാറ്റിനിറുത്തി.
മഠത്തിൽ വരവിന് കോങ്ങാട് മധു
മഠത്തിൽ വരവിന്റെ പഞ്ചവാദ്യത്തിന്റെ അമരക്കാരൻ കോങ്ങാട് മധു തന്നെയാണ്. പല്ലാവൂർ ശ്രീധരൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, തൃപ്രയാർ രമേശ് തുടങ്ങിയവർ തിമിലയിലുണ്ടാകും. 17 തിമില ഇപ്രാവശ്യം 7 ആക്കി കുറച്ചിട്ടുമുണ്ട്. ഇത്തവണ 7 മദ്ദളം, 11 വീതം കൊമ്പും താളവും ഒരു ഇടക്ക എന്നിങ്ങനെ ചുരുക്കിയാണ് പഞ്ചവാദ്യം. ചെർപ്പുളശേരി ശിവനാണ് മദ്ദള പ്രമാണി. നാലു ഇടക്കയ്ക്ക് പകരം ഒന്നായി ചുരുക്കിയിട്ടുണ്ട്.
പാണ്ടിയിൽ കിഴക്കൂട്ട്
മേളസൗന്ദര്യം ആസ്വദിക്കാൻ ആരാധകരില്ലെങ്കിലും കിഴക്കൂട്ടിന്റെ പ്രതിഭ ഇന്നും ശക്തന്റെ തട്ടകത്ത് കൊട്ടിക്കയറും. മഠത്തിൽ വരവ് പഞ്ചവാദ്യം കഴിഞ്ഞ് നായ്ക്കനാലിൽ നിന്നാണ് തിരുവമ്പാടി വിഭാഗത്തിന്റെ മേളം ആരംഭിക്കുക. തുടർന്ന് ശ്രീമൂല സ്ഥാനത്താണ് കൊട്ടിക്കലാശം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വാദ്യക്കാരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.
ഇലഞ്ഞിത്തറയിൽ ഇത്തവണ ആശ്വാസ മേളം
ഇലഞ്ഞി മരചുവട്ടിൽ തിക്കും തിരക്കുമില്ലാതെ പെരുവനവും കൂട്ടരും ഇത്തവണ വാദ്യപെരുമഴ തീർക്കും. പാറമേക്കാവിന്റെ പ്രമാണി പെരുവനം കുട്ടൻ മാരാർ തന്നെയാണ്. 200 ലേറെ പേരാണ് ഇലഞ്ഞിമര ചുവട്ടിൽ അണിനിരക്കുക. പാറമേക്കാവ് പഞ്ചവാദ്യത്തിന് ഇത്തവണയും പ്രമാണം പരയ്ക്കാട് തങ്കപ്പൻ മാരാർക്ക് തന്നെയാണ്. തിമിലയിൽ കുനിശേരി ചന്ദ്രനും ഒപ്പം ഉണ്ടാകും. പതിനഞ്ച് ആനകളോടെയാണ് രാത്രിയും പാറമേക്കാവ് ഭഗവതി എഴുന്നള്ളുക.
എണ്ണം കുറച്ച് ഘടക ക്ഷേത്രങ്ങൾ
തട്ടകങ്ങളെ ഉണർത്തി ആഘോഷപൂർവ്വം വരാറുള്ള ഘടക പൂരങ്ങൾ ഇത്തവണ ഒരാനപ്പുറത്താണെത്തുന്നത്. അതോടൊപ്പം വാദ്യക്കാരുടെ എണ്ണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. എട്ട് ഘടക ക്ഷേത്രങ്ങളും വാദ്യക്കാരടക്കം അമ്പത് പേരുമാണ് ഉണ്ടാവുക.