തൃശൂർ: പതിറ്റാണ്ടുകൾക്ക് ശേഷം പ്രൊഫ. മാധവൻകുട്ടി മാഷിന്റെ നേതൃത്വമില്ലാത്ത പൂരമാണിത്. പൂരത്തിന്റേതടക്കം തൃശൂരിന്റെ പഞ്ചാംഗമായിരുന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി കൂടിയായിരുന്ന മാധവൻകുട്ടി. പൂരത്തിന്റെ നടത്തിപ്പിൽ മാഷിന്റെ നേതൃപരമായ പങ്ക് ഏറെ വലുതായിരുന്നു. പൂരത്തിന് എന്ത് പ്രതിസന്ധിയുണ്ടായാലും അത് തരണം ചെയ്ത് മുന്നോട്ട് പോകാൻ മാഷിന് പ്രത്യേക കഴിവുണ്ടായിരുന്നു.
പൂരത്തെ സംബന്ധിച്ച് എന്നും ആശങ്ക ഉയർത്തിയിരുന്നത് വെടിക്കെട്ടും ആനയുമായിരുന്നു. എന്നാൽ ആ പ്രതിസന്ധികളെയെല്ലാം മറികടക്കാൻ മാഷിനായിരുന്നു. കേരളത്തിലെ വാദ്യക്കാരിലെ പുതുതലമുറയെ പോലും പേരെടുത്ത് വിളിക്കാൻ സാധിക്കുന്ന വ്യക്തിത്വമായിരുന്നു. വാദ്യ കലാകാരന്മാരുമായി അത്ര അടുപ്പമാണ് അദ്ദേഹം പുലർത്തിയത്. പൂരത്തിന്റെ ഒരോ ചടങ്ങും അദ്ദേഹത്തിന് മന:പാഠമാണ്. മാദ്ധ്യമ പ്രവർത്തകരെല്ലാം പൂര ചരിത്രം തേടി ആദ്യമെത്തുക മാഷിന്റെ അടുത്തേക്കാണ്.
പൂരത്തിന് മാസങ്ങൾക്ക് മുമ്പ് തന്നെ മാധവൻകുട്ടി മാഷ് പൂരത്തിൽ ലയിക്കും. കുട്ടിക്കാലം മുതലേ തിരുവമ്പാടി ക്ഷേത്രവുമായി ആഭിമുഖ്യം പുലർത്തിയ അദ്ദേഹം 1960 മുതൽ തിരുവമ്പാടി ക്ഷേത്ര ഭരണ സമിതിയിൽ അംഗമാണ്. 42 വർഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയാണ്. 1982ലെ ദില്ലി ഏഷ്യാഡിന് കേരളത്തിൽ നിന്നുള്ള 31 ആനകളെ അണിനിരത്തിക്കൊണ്ടുള്ള ഗജക്കാഴ്ച യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം വഹിച്ചതും മാഷായിരുന്നു. സർവമത മൈത്രിയുടെയും സമഭാവനയുടെയും കാവലാളായിരുന്നു മാഷ്. ഉന്നതാധികാര കേന്ദ്രങ്ങളിൽ തൃശൂർ പൂരത്തിന്റെ സാംസ്‌കാരികമായ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമായിരുന്നു.
പൂരം കാണാനാകാതെ തട്ടകക്കാർ
തൃശൂർ : പൂര പിറ്റേന്നത്തെ ചടങ്ങുകളെ തട്ടകക്കാരുടെ പൂരമെന്നാണ് വിശേഷിക്കാറ്. പൂരദിവസം വീടുകളിലെത്തുന്ന ബന്ധുക്കളെയും മറ്റ് അതിഥികളെയും വരവേൽക്കുന്ന തിരക്കായതിനാൽ പിറ്റേ ദിവസത്തെ പകൽപ്പൂരം തട്ടകത്തുള്ളവർക്കായാണെന്നാണ് വിശ്വാസം. പൂരദിവസം ഉണ്ടാകുന്ന മേളം , കുടമാറ്റം , വെടിക്കെട്ട് എന്നിവയെല്ലാം പൂരപിറ്റേന്ന് ആവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നും പൂരവും പിറ്റേന്നുള്ള കലാശവും ആർക്കും കാണാനാകില്ല. എന്നാൽ നഗരത്തിലെ വീടുകളിൽ ബന്ധുക്കൾക്ക് പോലുമെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. ഫ്ളാറ്റുകളിലും മറ്റും നിലവിലുള്ള താമസക്കാർ മാത്രമെ പാടുള്ളൂവെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി എന്നി തട്ടകങ്ങൾക്ക് പുറമേ ഘടക ക്ഷേത്രങ്ങളുടെ തട്ടകക്കാർക്കും ഇത്തവണ പൂരം ടി.വിയിലും മറ്റും കാണേണ്ട സ്ഥിതിയാണ്.