മാള: കുഴൂർ പഞ്ചായത്തിൽ ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയിൽ 31 പേർക്ക് രോഗം സ്ഥിരീകരിച്ചു. എരവത്തൂർ എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച ക്യാമ്പിൽ 181 പേർക്കാണ് ആന്റിജൻ പരിശോധന നടത്തിയത്. പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ പഞ്ചായത്തിലെ പൂർണമായ കണ്ടെയ്ൻമെന്റ് നിയന്ത്രണവും നിരോധനാജ്ഞയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും റിപ്പോർട്ട് നൽകിയതായി കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ കേരള കൗമുദിയോട് പറഞ്ഞു. രോഗികൾ കൂടുതലുള്ള വാർഡുകളിൽ മാത്രം കണ്ടെയ്ൻമെന്റ് നിയന്ത്രണം ഏർപ്പെടുത്താനും മറ്റുള്ളവ തുറന്നു കൊടുക്കാനുമാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി വാർഡ് തിരിച്ചുള്ള കണക്കുകളാണ് സമർപ്പിച്ചത്.
പഞ്ചായത്ത് നൽകിയ കണക്കനുസരിച്ചുള്ള നടപടികളെടുത്താൽ രോഗ ബാധിതർ കൂടുതലുള്ള നാല് വാർഡുകൾ ഒഴികെയുള്ളവ അടുത്ത ദിവസം കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും രോഗികളുടെ എണ്ണം കൂടുതലുള്ളതിനാൽ കൂടുതൽ ജാഗ്രത വേണമെന്നാണ് പഞ്ചായത്തും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കണ്ടെയ്ൻമെന്റ് നിയന്ത്രണം നീക്കുന്ന വാർഡുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്നത് തുടരുമെന്നറിയുന്നു. ഇന്നലെ 31 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ ആകെ രോഗികളുടെ എണ്ണം 149 ആയി. കുഴൂർ ദർശന ഹാളിൽ ഇന്ന് സംഘടിപ്പിക്കുന്ന ക്യാമ്പിൽ കൂട്ടായ പരിശോധന പൂർത്തിയാകും.
രണ്ട്, മൂന്ന്, നാല് വാർഡുകളിലുള്ളവർക്കാണ് ഇന്ന് ആന്റിജൻ പരിശോധന നടക്കുന്നത്. കുഴൂർ പഞ്ചായത്തിൽ ഇതുവരെ 4,500 പേർക്ക് വാക്‌സിൻ നൽകി. ഈ വാർഡുകളിലെ പരിശോധന പൂർത്തിയാക്കിയാൽ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും റിപ്പോർട്ട് നൽകി നിയന്ത്രണം സംബന്ധിച്ച് തീരുമാനമെടുക്കും.

പൊയ്യ പഞ്ചായത്തിൽ 96 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 50 പേരുടെ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം ഇന്ന് അറിയും. അന്നമനട പഞ്ചായത്തിൽ 62 പേരുടെ പരിശോധനയിൽ എട്ട് പേർക്ക് പൊസിറ്റീവായി. ഇതോടെ പഞ്ചായത്തിൽ രോഗികളുടെ എണ്ണം 111 ആയി. പഞ്ചായത്തിലെ അഞ്ച്, എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് നിയന്ത്രണത്തിലാണ്. മാള പഞ്ചായത്തിൽ 68 പേർക്ക് നടത്തിയ പരിശോധനയിൽ 32 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ മറ്റു പഞ്ചായത്തുകളിൽ നിന്നുള്ളവരാണ്. പുത്തൻചിറ പഞ്ചായത്തിൽ ആകെ 106 കൊവിഡ് രോഗികളാണുള്ളത്. 3,11,8,13 വാർഡുകളിലാണ് കൂടുതൽ രോഗികളുള്ളത്. പഞ്ചായത്ത് ഓഫീസിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഓഫീസിന്റെ പ്രവർത്തനം മൂന്ന് ദിവസത്തേക്ക് നിറുത്തിയതായി പ്രസിഡന്റ് റോമി ബേബി അറിയിച്ചു.

കുഴൂർ വാർഡ് തിരിച്ചുള്ള കണക്ക്

വാർഡ് 5 തെക്കുംചേരി 31

വാർഡ് 6 എരവത്തൂർ 28

വാർഡ് 10 ആലമറ്റം 12

വാർഡ് 12 കള്ളിയാട് 14