പാവറട്ടി: കൊവിഡ് അതിവ്യാപന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കാനും മണലൂർ നിയോജക മണ്ഡലം തല അവലോകന യോഗം തീരുമാനിച്ചു. മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഇ.എ. രാജൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, മറ്റു വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മണലൂർ മണ്ഡലത്തിൽ ഏപ്രിൽ 21ലെ കണക്ക് പ്രകാരം 1009 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് തലത്തിൽ വാടാനപ്പള്ളി - 84, മണലൂർ - 78, അരിമ്പൂർ - 120, വെങ്കിടങ്ങ് - 270, മുല്ലശ്ശേരി - 113, പാവറട്ടി - 26, എളവള്ളി - 80, തൈക്കാട് - 86, കണ്ടാണശ്ശേരി - 48, ചൂണ്ടൽ - 104 എന്ന നിലയിലാണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ആർ.ടി.പി.സി.ആർ വ്യാപകമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഓൺലൈൻ മുഖാന്തിരം മാത്രം വാക്‌സിനേഷന് ഏർപ്പാട് ചെയ്യണം. സമയം ക്രമീകരിച്ച് ടോക്കൺ നൽകി തിരക്ക് നിയന്ത്രിക്കണം. ഓട്ടോതൊഴിലാളികൾ, പാൽ വിതരണക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, അതിഥി തൊഴിലാളികൾ എന്നിവർക്ക് ഹാളുകൾ ഉപയോഗിച്ച് ടെസ്റ്റ് നടത്തണമെന്നും യോഗം തീരുമാനിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും തിരക്ക് നിയന്ത്രിക്കാത്ത വ്യാപാരികൾക്കെതിരെയും കർശനമായ നടപടി സീകരിക്കും. ബീച്ചുകൾ, പാർക്കുകൾ എന്നിവ നിർബന്ധമായും അടച്ചിടണം

- മുരളി പെരുനെല്ലി എം.എൽ.എ

തീരുമാനങ്ങൾ

ആൾക്കൂട്ടം ഒഴിവാക്കുക

തദ്ദേശ സ്വയംഭരണാടിസ്ഥാനത്തിൽ ഡൊമിസിയിലറി കെയർ സെന്ററുകൾ ആരംഭിക്കണം

മഴക്കാല പൂർവ്വ ശുചീകരണം വാർഡുതലത്തിൽ സംഘടിപ്പിക്കണം

കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കണം

ബിവറേജസ് വിൽപ്പന കേന്ദ്രത്തിലെ ആൾക്കൂട്ടം നിയന്ത്രിക്കണം

കൊവിഡ് പ്രതിരോധ ബോധവത്കരണം നടത്തും