കൊടുങ്ങല്ലൂർ: തിരഞ്ഞെടുപ്പ് ജോലിയിലുണ്ടായിരുന്ന വിവിധ സ്ഥലങ്ങളിലെ അദ്ധ്യാപകർ രണ്ടാം ഘട്ട പ്രതിരോധ കുത്തിവെപ്പ് നടത്താൻ കഴിയാതെ പ്രതിസന്ധിയിൽ. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി കൊവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച അഞ്ച് അദ്ധ്യാപകരാണ് രണ്ടാം ഡോസ് ലഭിച്ചില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. ജോലിയിലുണ്ടായിരുന്ന ആദ്യ ഡോസ് വാക്‌സിൻ എടുത്ത 40ഓളം ജീവനക്കാരെയും ഇത് ബാധിക്കുമെന്ന് പറയുന്നു.

പോളിംഗിന് മുമ്പ് നിർബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് നടത്തണമെന്ന് നിർദ്ദേശമുണ്ടായിരുന്നു. ഇതേത്തുടർന്ന് മാർച്ച് ഏഴിന് മേത്തല കമ്മ്യൂണിറ്റി ഹാളിൽ പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഇവിടെ വച്ചായിരുന്നു ജീവനക്കാർ ഒന്നാം ഘട്ട കൊവിഷീൽഡ് കുത്തിവയ്പ്പ് നടത്തിയത്. രണ്ടാം ഡോസ് കുത്തിവയ്പ്പിനായി ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ചപ്പോൾ നിലവിൽ വാക്‌സിനില്ലെന്നും വരുന്ന മുറയ്ക്ക് ഏതെങ്കിലും പി.എച്ച്‌.സി സെന്ററിൽ നിന്നും എടുക്കാമെന്നുമായിരുന്നു അറിയിച്ചത്.

എന്നാൽ പടിഞ്ഞാറെ വെമ്പല്ലൂർ കേന്ദ്രത്തിൽ ഒന്നാം ഡോസ് സ്വീകരിച്ച ജീവനക്കാർ രണ്ടാം ഡോസിനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നതിനിടെ ആദ്യ ഡോസ് എടുത്തിട്ടില്ലെന്നാണ് വെബ്സൈറ്റിലൂടെ അറിയാൻ കഴിഞ്ഞത്. ഇതേ തുടർന്ന് അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ മേത്തല പി.എച്ച്‌.സിയിൽ വാക്സിൻ എടുത്തു തരാമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ കൈ മലർത്തുന്ന സ്ഥിതിയാണ്.

വാക്‌സിനേഷൻ ക്യാമ്പിലെ ജീവനക്കാരുടെ നിരുത്തരവാദിത്വ പ്രവൃത്തിയാണ് തങ്ങൾക്ക് രണ്ടാം ഡോസ് വാക്‌സിൻ ലഭിക്കാൻ തടസമായതെന്ന് അദ്ധ്യാപകർ ആരോപിച്ചു. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അദ്ധ്യാപകരായ എടമുട്ടം സരസ്വതി വിദ്യാലയത്തിലെ എൻ.എ അനുരാഗ്, കൂളിമുട്ടം എമ്മാട് യു.പി സ്‌കൂളിലെ അദ്ധ്യാപകമാരായ കെ.ആർ രജിത, കെ.എസ് ലാബു, പടിഞ്ഞാറെ വെമ്പല്ലൂർ എം.ഐ.ടി.യു.പി സ്‌കൂളിലെ അൽമ്മീയ സലാം, മലപ്പുറം വെളിയങ്ങാട് ഗവ. എൽ.പി സ്‌കൂളിലെ നിലീന എന്നിവർ നിവേദനത്തിലൂടെ ഡി.എം.ഒയോട് ആവശ്യപ്പെട്ടു.