തൃശൂർ: തൃശൂർ പൂരത്തിന്റെ പ്രധാന വെടിക്കെട്ട് കർശന നിയന്ത്രണത്തിലും സുരക്ഷയിലുമാണ് ഇത്തവണ നടക്കുക. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് വെടിക്കെട്ട് നേരിട്ട് കാണാനാകില്ല. 24 ന് പുലർച്ചെ മൂന്നിനാണ് വെടിക്കെട്ട്. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നീട് പാറമേക്കാവും വെടിക്കോപ്പുകൾക്ക് തിരിതെളിക്കും.
മാലപ്പടക്കം, ഗുണ്ട്, കുഴിമിന്നൽ, അമിട്ട് എന്നിവയാണ് ആകാശത്ത് വർണ വിസ്മയം തീർക്കുക. കേന്ദ്ര എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വെടിക്കെട്ട് സാമഗ്രികൾ പരശോധിച്ച് നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാകും വെടിക്കെട്ട്.
ബേരിയം, ക്ലോറൈറ്റ്, മെർക്കുറി എന്നിവ ഉപയോഗിക്കരുതെന്ന് വ്യവസ്ഥയുണ്ട്. കേന്ദ്ര ഏജൻസിയായ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) അനുമതിയുള്ള ഏജൻസികളാണ് രണ്ടിടത്തും വെടിക്കോപ്പുകൾ നിർമ്മിച്ചിട്ടുള്ളത്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പൂർത്തിയായ ശേഷമാകും പാറമേക്കാവ് വിഭാഗം വെടിക്കോപ്പുകൾ നിറയ്ക്കുക.
തുടർന്ന് പരിശോധനകൾക്ക് ശേഷമാകും വെടിക്കോപ്പുകൾക്ക് തിരിതെളിക്കുക. ശബ്ദത്തിന് പകരം ആകാശത്ത് വർണം വാരി വിതറുന്ന രീതിയിലാകും വെടിക്കെട്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ സൂചന നൽകി.
തിരുവമ്പാടിക്ക് ചന്ദ്രശേഖരനും
പാറമേക്കാവിന് പത്മനാഭനും നന്ദനും
തൃശൂര്‍: തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ നിന്നുള്ള വരവിന് തിരുവമ്പാടി ചന്ദ്രശേഖരന് തിടമ്പേറ്റും. പാറമേക്കാവിന്റെ പകല്‍ എഴുന്നെള്ളിപ്പിന് പാറമേക്കാവ് പത്മനാഭനും രാത്രി എഴുന്നെള്ളിപ്പിന് തിടമ്പേറ്റുക ഗുരുവായൂര്‍ നന്ദനുമായിരിക്കും . തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്ന് പൂരദിവസം രാവിലെ ഏഴിന് മഠത്തിലേക്കുള്ള വരവിന് കണ്ണനായിരിക്കും തിടമ്പേറ്റുക. മഠത്തില്‍ നിന്ന് രാത്രി നായ്ക്കനാലിലേക്കുള്ള തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിന് കുട്ടന്‍കുളങ്ങര അര്ജുനനായിരിക്കും തിടമ്പേറ്റുക. ശനിയാഴ്ചത്തെ പകല്‍ പൂരത്തിന് തിരുവമ്പാടിക്ക് ചന്ദ്രശേഖരനും പാറമേക്കാവിന് പത്മനാഭനുമായിരിക്കും.
ശാരീരിക ക്ഷമതാ പരിശോധനയിൽ
രണ്ടാനകൾ പുറത്ത്
തൃശൂർ: പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ ശാരീരിക ക്ഷമതാ പരിശോധനയിൽ രണ്ട് ആനകൾക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കി. ഘടകപൂരങ്ങൾക്കായി കൊണ്ടുവന്ന ശങ്കരൻ കുളങ്ങര ഉദയൻ, പാറമേക്കാവിന്റെ എഴുത്തച്ഛൻ ശങ്കരനാരായണൻ എന്നീ ആനകളെയാണ് എഴുന്നള്ളിക്കേണ്ടായെന്ന് പരിശോധനകൾക്ക് ശേഷം വനംവകുപ്പ്, വെറ്ററിനറി വിഭാഗങ്ങൾ തീരുമാനിച്ചത്.
ഇരു ആനകൾക്കും ശാരീരികമായി പ്രശ്നങ്ങളില്ലെന്നും നിശ്ചിത കാലയളവ് വരെ കുറുമ്പു കാട്ടിയിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ഇവരെ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. 37 ആനകളെയാണ് സംഘം പരിശോധിച്ചത്. 29 ആനകൾ പാറമേക്കാവ് വിഭാഗത്തിന്റെയും ഏഴെണ്ണം തിരുവമ്പാടി വിഭാഗത്തിന്റെയും ഒന്ന് ദേവസ്വങ്ങളിൽ പെടാതെയും ആയിട്ടാണ് പരിശോധനയ്ക്ക് എത്തിയത്.
തുടർച്ചയായി നാല് മണിക്കൂറും ഒരു ദിവസം ആറ് മണിക്കൂറുകളേക്കാൾ കൂടുതൽ എഴുന്നള്ളിക്കാൻ പാടില്ലെന്ന് അധികൃതർ ഇരു ദേവസ്വങ്ങളോടും നിർദ്ദേശിച്ചു. പരിശോധനകൾക്ക് ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ഉഷാറാണി, വനംവകുപ്പ് അസി. ഫോറസ്റ്റ് കൺസർവേറ്റർ പി.എം പ്രഭു എന്നിവർ നേതൃത്വം നൽകി.