തൃശൂർ: പൂരം ദിവസം പുലർച്ചെയും ആ ദിവസം മുഴുവനായും കുടമാറ്റത്തിന് മുമ്പായും നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങൾ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണം മൂലം തടസ്സപ്പെടുമെന്ന് തൃശൂർ കോർപറേഷൻ. ശുചീകരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ള കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ വാഹനങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ പാസ് അനുവദിച്ചിട്ടില്ലെന്ന് തൃശൂർ കോർപറേഷൻ ചൂണ്ടിക്കാട്ടി. ഇതുമൂലം കോർപറേഷൻ നടത്താറുള്ള തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ 23, 24, 25 തീയതികളിൽ തടസ്സപ്പെടും. കോർപറേഷൻ പരിധിയിലെ വൈദ്യുതി, കുടിവെള്ളം വിഭാഗത്തിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും പൂര ദിവസങ്ങളിൽ അടിയന്തര പ്രവർത്തനങ്ങൾക്ക് പൊലീസ് പ്രവേശനാനുമതി നൽകിയിട്ടില്ല. ഇതുമൂലം വൈദ്യുതി, കുടിവെള്ള മേഖലകളിൽ എന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് കൃത്യസമയത്ത് പരിഹരിക്കാനുമാകില്ലെന്ന് മേയർ എം.കെ. വർഗീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.