ചാവക്കാട്: കടലിൽ മത്സ്യബന്ധനത്തിന് പോയി അവശനായി തളർന്ന മത്സ്യത്തൊഴിലാളിയെ രക്ഷിച്ചത് തീരദേശ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ. നെഞ്ചുവേദനയും ശ്വാസതടസവും മൂലം അവശനായ മുനയ്ക്കക്കടവ് പൊള്ളക്കായി ബക്കറിനെയാണ് പൊലീസ് രക്ഷിച്ചത്.
തളിക്കുളം പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനം നടത്തിവന്നിരുന്ന ഉക്കാഷ എന്ന് പേരുള്ള മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ് ബക്കർ. രാവിലെ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് ബോട്ടിൽ വച്ച് തളർന്നുവീണത്. ഉടൻ സഹതൊഴിലാളികൾ ചേർന്ന് കടലോര ജാഗ്രതാ സമിതി അംഗം ഷൗക്കത്തിന് കൈമാറിയ വിവരം തീരദേശ പൊലീസിനെ വിവരം അറിയിച്ചു.
പിന്നീട് മുനയ്ക്കക്കടവ് തീരദേശ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രക്ഷാബോട്ടുമായി എത്തി. അവശനായ ബക്കറിനെ ബോട്ടിൽ കയറ്റി ചേറ്റുവ ഹാർബറിലെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്റ്റേഷൻ എ.എസ്.ഐ: ഐ.ബി. സജീവ്, സി.പി.ഒ അവിനാഷ്, ബോട്ട് സ്രാങ്ക് വിനോദ്, ലസ്‌കർ സുജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നത്.
കൃത്യസമയത്ത് പൊലീസ് നടത്തിയ ഇടപെടൽ മൂലമാണ് ബക്കറിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്. ഇതിൽ വളരെയധികം സന്തോഷമുണ്ട്.
- കെ. ഹരീഷ്, മുനക്കക്കടവ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ