ചാലക്കുടി: താലൂക്ക് ആശുപത്രിയിൽ നഗരസഭ പരിധിയിലുള്ളവർക്ക് വാക്‌സിൻ ലഭിക്കാൻ പ്രത്യേക സൗകര്യമുണ്ടാകണമെന്ന് ചാലക്കുടി നഗരസഭാ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗവും സർക്കാരിനോട് ആവശ്യപ്പെട്ടു.
എല്ലാ പഞ്ചായത്ത് തലങ്ങളിലും പ്രത്യേകം കൊവി ഡ് വാക്‌സിൻ കേന്ദ്രങ്ങളുള്ള സാഹചര്യത്തിൽ നഗരസഭാ പരിധിയിലുള്ളവർക്കുള്ള ഏക കേന്ദ്രം താലൂക്ക് ആശുപത്രിയാണ്. ഓൺലൈൻ വഴി രജിസ്‌ട്രേഷനിലൂടെ മറ്റ് സ്ഥലങ്ങളിലുള്ളവരാണ് കൂടുതലും ഇവിടെ എത്തുന്നത്. ഇവിടെ ഉള്ളവർക്ക് മറ്റ് സ്ഥലങ്ങളിലേക്കാണ് രജിസ്‌ട്രേഷൻ ലഭിക്കുന്നത്. ഇത് വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാസമയം ജനങ്ങളെ അറിയിക്കുന്നതിന്ന് നഗരസഭാ ഓഫീസിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കുന്നതിന് ചെയർമാൻ വി.ഒ. പൈലപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വാക്‌സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷനുള്ള സഹായം നഗരസഭാ ഓഫീസിൽ നിന്നും ലഭ്യമാക്കും. കൊവിഡ് ബാധിതരായോ സമ്പർക്കത്തിലോ വീടുകളിൽ ഒറ്റപ്പെട്ട് പോകുന്നവർക്ക് ആവശ്യമെങ്കിൽ ഭക്ഷണവും മരുന്നും എത്തിച്ചു നൽകാൻ നഗരസഭ മുൻകൈ എടുക്കും.

വൈസ് ചെയർമാൻ സിന്ധു ലോജു, ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോൾ, നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗം പി.എം. ശ്രീധരൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി അനിൽ കദളിക്കാടൻ, ഫാ. വർഗീസ് പാത്താടൻ, മർച്ചന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ, വില്ലേജ് ഓഫീസർ ഷൈജു ചെമ്മണ്ണൂർ, യു.എസ്. അജയകുമാർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.