തൃശൂർ : പൂരനാളിൽ വിജനമായി വടക്കുംനാഥ ക്ഷേത്ര മൈതാനം. സമയക്രമമനുസരിച്ച് കടന്നു വരുന്ന ഘടക പൂരങ്ങളെ മാത്രം കാണാം. അവർക്ക് ഒപ്പം തട്ടകക്കാരും വാദ്യാസ്വാദകരുമില്ല. സംഘാടകരും വാദ്യക്കാരും ആനക്കാരും മാത്രം. കാണികൾ ഇല്ലാത്ത ചരിത്രത്തിലേക്ക് വഴി തുറക്കുന്ന പൂരച്ചടങ്ങുകൾ ശക്തന്റെ തട്ടകത്ത് ആരംഭിച്ചു. കൊവിഡ് മഹാമാരി പൂരത്തെ വട്ടം ചുറ്റിയപ്പോൾ പൂര പ്രേമികൾ ഇത്തവണത്തെ പൂരം വീടുകളിൽ ടെലിവിഷന് മുന്നിൽ ഇരുന്ന് ആസ്വദിക്കുകയാണ്. പൂരത്തലേന്ന് തന്നെ തൃശൂരിന്റെ എല്ലാ വഴികളും പൂര പ്രേമികളെ കൊണ്ട് നിറയാറുള്ള പതിവ് കാഴ്ച്ചകളില്ല. പൂരപറമ്പിലേക്കുള്ള എല്ലാ വഴികളും അടച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ് പൊലീസ്.
ഇന്നലെ രാത്രിയോടെ ബാരിക്കേഡുകൾ സ്വരാജ് റൗണ്ടിലെ വഴികളിലെല്ലാം അടച്ച് ബന്തവസാക്കി. ഇന്ന് രാവിലെ ആറിന് ഗതാഗത നിരോധനം തുടങ്ങി. നാളെ പകൽപ്പൂരം കഴിയുന്നത് വരെ പാസില്ലാത്തവർക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കും ഘടക പൂരങ്ങൾക്കും പൂരം ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും മാദ്ധ്യമ പ്രവർത്തകർക്കുമാണ് പാസുകൾ പൊലീസ് വിതരണം ചെയ്തിട്ടുള്ളത്. പാസുകൾ പരിശോധിച്ച് ഉറപ്പാക്കാൻ എം.ജി റോഡ്, ഷൊർണൂർ റോഡ്, ബിനി ജംഗ്ഷൻ, പാലസ് റോഡ്, കോളേജ് റോഡ്, ഹൈറോഡ്, എം.ഒ റോഡ്, കുറുപ്പം റോഡ് പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് നീളുന്ന ഔട്ടർ സർക്കിൾ റോഡുകളും ഇടവഴികളും അടച്ചു പൂട്ടി. ഇന്നലെ ഉച്ചയോടെ തന്നെ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തും പാർക്കിംഗ് നിരോധിച്ചിരുന്നു. പാട്ടുരായ്ക്കൽ, ചെമ്പൂക്കാവ്, കിഴക്കേക്കോട്ട, ഇക്കണ്ടവാരിയർ റോഡ്, ശക്തൻ സ്റ്റാൻഡ്, വെളിയന്നൂർ, റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ, പൂത്തോൾ, പടിഞ്ഞാറെക്കോട്ട എന്നീ വഴികളിലുള്ള കടകളും സ്ഥാപനങ്ങളും തുറക്കാൻ അനുമതിയില്ല.
സ്വരാജ് റൗണ്ടിൽ മെഡിക്കൽ ഷോപ്പ്, ആശുപത്രി എന്നിവ ഒഴികെയുള്ള എല്ലാ കടകളും സ്ഥാപനങ്ങളും റൗണ്ടിലെ പെട്രോൾ പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. കളക്ടറുടെ ഈ ഉത്തരവുകൾ ലംഘിച്ചാൽ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51, 56 വകുപ്പ് പ്രകാരം കേസെടുക്കാനാണ് നിർദ്ദേശം. വഴയോരക്കച്ചവടവും നിരോധിച്ചിട്ടുണ്ട്.